ആത്മകഥയിലടക്കം സച്ചിൻ രേഖപ്പെടുത്തിയ വേദനയും അമർഷവും; ലോകക്രിക്കറ്റിലെ വിവാദ ഡിക്ലറേഷനുകൾ

ഡബിള് സെഞ്ച്വറിക്കു വെറും ആറു റണ്സ് മാത്രം മതിയെന്നിരിക്കെ ഇന്നിങ്സ് ഡിക്ലയര് ചെയ്യാനുള്ള ദ്രാവിഡിന്റെ തീരുമാനം അന്ന് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു

മുഹമ്മദ് ഷഫീഖ്
4 min read|26 Aug 2024, 10:35 am
dot image

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാൻ 171 റണ്സെടുത്ത് നിൽക്കെ ക്യാപ്റ്റൻ ഷാൻ മസൂദ് ഇന്നിങ്സ് ഡിക്ലയർ ചെയ്തതിൽ അഭിപ്രായവ്യത്യാസങ്ങളും വിവാദങ്ങളുമൊക്കെ ഉണ്ടായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ. ടെസ്റ്റിൽ ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനകം തന്നെ ആ ഡിക്ലറേഷനാണ് പാക്കിസ്ഥാനെ ചതിച്ചതെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളെല്ലാം ഉയർന്നുവരുന്നുണ്ട്.

പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്സിൽ മുഹമ്മദ് റിസ്വാന് മികച്ച രീതിയിൽ ബാറ്റു ചെയ്യവെ സമയമുള്ള സ്ഥിതിയ്ക്ക് ഡബിൾ സെഞ്ചറി നേടാൻ പാക്ക് ടീമിന്, വിശിഷ്യാ ക്യാപ്റ്റന് അനുവദിക്കാമായിരുന്നെന്ന് ഒരു വിഭാഗം ആരാധകർ വാദിച്ചപ്പോൾ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിനേക്കുറിച്ച് റിസ്വാനോടു നേരത്തേ പറഞ്ഞിരുന്നതായിട്ടാണ് സഹതാരം സൗദ് ഷക്കീൽ പ്രതികരിച്ചത്. റിസ്വാൻ 239 പന്തിൽ 3 സിക്സറുകളും 11 ഫോറുകളും ഉൾപ്പെടെ 171 റൺസെടുത്തു നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഡിക്ലയർ ചെയ്യുന്നതായി അറിയിച്ചതോടെ ഡബിൾ സെഞ്ചറിയിലേക്ക് എത്താൻ സാധിക്കാതെ റിസ്വാൻ നിരാശനായി മടങ്ങുകയും ചെയ്തു.

റിസ്വാന് ഡബിൾ സെഞ്ചറി നേടാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഡിക്ലയർ ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിൽ മടിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ബാറ്റിങ് അവസാനിപ്പിക്കുന്ന കാര്യം ഒരു മണിക്കൂർ മുൻപേ അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്. 450 റൺസൊക്കെ എടുത്താൽ ബാറ്റിങ് അവസാനിപ്പിക്കുമെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ഈ വിഷയത്തെക്കുറിച്ച് സഹതാരമായ സൗദ് ഷക്കീൽ പ്രതികരിച്ചതിങ്ങനെയാണ്. ശരിയാണ്, ഇനിയും 29 റൺസ് വേണം ഡബിളിന്. നാലോ അഞ്ചോ റൺസൊന്നുമല്ല. എങ്കിലും ആ ഫോമിന്റെ ഫ്ലോ നോക്കുമ്പോൾ അർഹിച്ച ഒരു ഡബിൾ സെഞ്ച്വറിയ്ക്കരികിൽ വെച്ച് ക്യാപ്റ്റനാൽ ഡിക്ലയർ വിളിക്കപ്പെട്ട് റിസ്വാൻ മടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ വന്നത് മറ്റൊരു മുഖമാണ്.

20 വർഷങ്ങൾക്കു മുമ്പുള്ള ഒരു ദിനം.

വേദി പാക്കിസ്ഥാനാണ്.

മുൾത്താനാണ്.

അന്ന് സ്വന്തം സ്കോർ 194 ൽ നിൽക്കുമ്പോൾ പകരക്കാരൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഡിക്ലയർ വിളിച്ചപ്പോൾ അസന്തുഷ്ടനായി പവലിയനിലേക്ക് നടന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ മുഖം. 2004 ലായിരുന്നു അത്. പാക്കിസ്ഥാനെതിരെ മുൾത്താനിലെ ചരിത്രപ്രധാനമായ ടെസ്റ്റ് ആയിരുന്നു അത്. സൗരവ് ഗാംഗുലിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായി നയിച്ച ടെസ്റ്റ്. രണ്ടം ദിനം സച്ചിൻ 194 റൺസിൽ നിൽക്കുമ്പോഴായിരുന്നു ദ്രാവിഡ് അപ്രതീക്ഷിതമായി ഡിക്ലയർ വിളിച്ചത്. ഡ്രസിങ് റൂമില് വച്ച് ക്രീസില് നിന്നും തിരികെ മടങ്ങാന് സച്ചിനോടും സഹ ബാറ്ററോടും ക്യാപ്റ്റന് ദ്രാവിഡ് ആംഗ്യം കാണിക്കുകയായിരുന്നു. ഡബിള് സെഞ്ച്വറിക്കു വെറും ആറു റണ്സ് മാത്രം മതിയെന്നിരിക്കെ ഇന്നിങ്സ് ഡിക്ലയര് ചെയ്യാനുള്ള ദ്രാവിഡിന്റെ തീരുമാനം അന്ന് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. പാകിസ്താനെതിരേ ഡബിള് സെഞ്ച്വറിയെന്ന നേട്ടത്തിന് പടിവാതില്ക്കല് എത്തി നില്ക്കവെ ഇന്നിങ്സ് ഡിക്ലയര് ചെയ്യാനുള്ള ദ്രാവിഡിന്റെ നീക്കത്തില് സച്ചിന് ഒട്ടും സംതൃപ്തനായിരുന്നില്ല. നിരാശയാർന്ന മുഖഭാവത്തോടെയാണ് അന്ന് സച്ചിൻ പവലിയനിലേക്ക് നടന്നത്.

അന്ന് അപ്പോൾ അഞ്ചു വിക്കറ്റിനു 675 റണ്സെന്ന കൂറ്റന് ടോട്ടല് ഇന്ത്യന് സ്കോര് ബോര്ഡിലുണ്ടായിരുന്നു. സച്ചിനു അര്ഹിച്ച ഡബിള് സെഞ്ച്വറി നിഷേധിച്ച് എന്തിനാണ് അന്നു ഇന്നിങ്സ് ഡിക്ലയര് ചെയ്തതെന്ന ചോദ്യങ്ങൾ പലപ്പോഴായി ദ്രാവിഡ് പിന്നീട് നേരിടേണ്ടിവന്നിരുന്നു. ആ ദിവസത്തെ കളി തീരുന്നതിനു മുമ്പ് ഒരു മണിക്കൂറെങ്കിലും പാകിസ്താന് ടീമിനെക്കൊണ്ട് ബാറ്റ് ചെയ്യിക്കണമെന്ന ലക്ഷ്യമായിരുന്നു ആ തീരുമാനത്തിലേക്കു നയിച്ചതെന്നാണ് ദ്രാവിഡ് പിന്നീട് വിശദീകരിച്ചത്.

മുള്ത്താന് ടെസ്റ്റില് പാകിസ്താനെതിരേ ഇന്ത്യ വലിയ മാര്ജിനില് ജയിച്ചിരുന്നു അന്ന്. വീരേന്ദ്ര സെവാഗ് ത്രിപ്പിൾ സെഞ്ച്വറിയടിച്ച് അഴിഞ്ഞാടിയ ടെസ്റ്റായിരുന്നു അത്. അതിനാൽ തന്നെ സച്ചിന് ഡബിള് നേടിയാലും ഇന്ത്യ ഈ മല്സരത്തില് എളുപ്പം ജയിക്കുമായിരുന്നെന്നും ദ്രാവിഡ് അതിനു സമ്മതിച്ചില്ലെന്നും ആരാധകര് അന്നും ഇന്നും ചൂണ്ടിക്കാട്ടി രംഗത്ത് വരാറുണ്ട്. സച്ചിൻ തന്നെ ആ സംഭവത്തെ കുറിച്ച് പിന്നീട് തന്റെ ആത്മകഥയിലടക്കം പ്രതിപാദിച്ചിട്ടുണ്ട്.

സച്ചിന്റെ ആത്മകഥയിലെ വാക്കുകൾ ഇങ്ങനെയാണ്:

‘അതിന് ശേഷമുളള പ്രഭാതത്തില് ഒടുവില് രാഹുല് എന്നെ കാണാനെത്തി. ഞാനാകെ നിരാശനാണെന്ന് കേട്ടെന്നും സംസാരിക്കാന് ആഗ്രഹമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. നിരാശനാണെന്നും മറ്റൊരു ആശ്വാസവും തനിക്കില്ലെന്നും ഞാന് ദ്രാവിഡിനെ അറിയിച്ചു. ഡിക്ലയറിന് പിന്നിലെ കാരണം രാഹുല് ആ സമയം എന്നോട് വിശദീകരിച്ചു. ചായ വരെ ബാറ്റ് ചെയ്യാനായിരുന്നു നമ്മുടെ തീരുമാനമെന്നും അതനുസരിച്ചായിരുന്നു ഞാന് ബാറ്റേന്തിയത് എന്നും ഞാൻ പറഞ്ഞു. എന്നാല് ദ്രാവിഡ് പറഞ്ഞത് ടീം താല്പര്യ പ്രകാരമായിരുന്നു അത്തരമൊരു തീരുമാനമെടുത്തത് എന്നായിരുന്നു. പാകിസ്ഥാനെ തകര്ക്കാന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നെന്നും ദ്രാവിഡ് സൂചിപ്പിച്ചു. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ടീമിന് വേണ്ടിയായിരുന്നു ഞാന് 194 റണ്സെടുത്തതെന്നും ടീം വിജയിക്കാനുളള എന്റെ പങ്കായിരുന്നു അതെന്നും ഞാന് പറഞ്ഞു. അപ്പോള് എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു തീരുമാനം ടീമിനായി എടുക്കാനാകില്ലെന്ന നിസഹായവസ്ഥ ദ്രാവിഡ് പങ്കുവെച്ചു. ഞാന് ഒരു മാസം മുമ്പ് സിഡ്നിയില് സംഭവിച്ചത് ദ്രാവിഡിനെ ഓര്മ്മിപ്പിച്ചു. അന്ന് നാലാം ദിവസം വൈകുന്നേരം ഞാനും ദ്രാവിഡുമായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എപ്പോഴാണ് ഡിക്ലയര് ചെയ്യേണ്ടത് എന്ന് ചോദിച്ച് സൗരവ് മൂന്നോളം മെസേജുകള് ഞങ്ങള്ക്ക് അയച്ചു. രാഹുല് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ രണ്ട് അവസ്ഥയും താരതമ്യപ്പെടുത്തിയാല് തന്നെ സിഡനിയില് മത്സരം ജയിക്കാതിരിക്കാനും പരമ്പര നഷ്ടപ്പെടാനും കാരണം ഈ തീരുമാനം ആണെന്ന് വേണമെങ്കില് പറയാം. രാഹുലിന് അക്കാര്യത്തെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. ഡബിളടിക്കാന് താങ്കള്ക്ക് മറ്റൊരു അവസരം തരാമെന്നാണ് ദ്രാവിഡ് അപ്പോള് പറഞ്ഞത്. അതിനോടും എനിക്ക് യോജിക്കാനായില്ല. ഇതു രണ്ടും ഒന്നല്ലെന്നും ഇനി പൂജ്യത്തില് നിന്നും ഞാന് ഡബിള് സെഞ്ച്വറിയിലെത്തണമെന്നും നേരത്തെ 194ല് ഞാനെത്തിയിരുന്നതായും ദ്രാവിഡിനോട് പറഞ്ഞു. ഇതിന് ശേഷം ഞങ്ങള് സംസാരം അവസാനിപ്പിച്ചു. എങ്കിലും ഞാന് പറയട്ടെ ഈ സംഭവം ഞങ്ങളുടെ ഫ്രണ്ട് ഷിപ്പിനെ ഒരു തരി പോലും ബാധിച്ചില്ല. രാഹുല് എന്റെ മികച്ച കൂട്ടുകാരനായി തുടര്ന്നു എന്ന് മാത്രമല്ല കരിയര് അവസാനം വരെ ഞങ്ങള് മികച്ച കുറെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

അതിനു ശേഷം ഇങ്ങനെയൊരു വിവാദ ഡിക്ലറേഷൻ നമ്മൾ കണ്ടത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില് ആയിരുന്നു ഇങ്ങനെയൊരു വിവാദ ഡിക്ലയറിംഗ്. ഡബിള് സെഞ്ച്വറിയ്ക്ക് തൊട്ടടുത്തെത്തിയ ഓപ്പണര് ഉസ്മാന് ഖ്വാജയെ അതിന് അനുവദിക്കാതെ ഓസ്ട്രേലിയന് ക്യാപ്റ്റന് പാറ്റ് കമ്മിന്സ് ഇന്നിംഗ്സ് ഡിക്ലയര് ചെയ്യുകയായിരുന്നു. മത്സരത്തില് നാല് വിക്കറ്റ് നഷ്ടത്തില് 475 റണ്സ് എന്ന നിലയില് നില്ക്കെയാണ് കമ്മിന്സ് ഓസീസ് ഇന്നിംഗ്സ് ഡിക്ലയര് ചെയ്തത്. ആ സമയത്ത് ഉസ്മാന് ഖ്വാജ 368 പന്തില് 19 ഫോറും ഒരു സിക്സും സഹിതം 195 റണ്സുമായി ക്രീസിലുണ്ടായിരുന്നു. അഞ്ച് റണ്സ് കൂടി നേടാന് കഴിഞ്ഞിരുന്നെങ്കില് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി എന്ന നേട്ടം ഖ്വാജയെ തേടിയെത്തുമായിരുന്നു. എന്നാല് അഞ്ച് റണ്സ് നേടാനുളള ഒന്നോ രണ്ടോ ഓവര് അനുവദിക്കാന് ഓസീസ് നായകന് സന്മനസ് കാട്ടിയില്ല. യഥാർഥത്തിൽ വെളിച്ചക്കുറവും മഴയും മൂലം മത്സരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതാണ് സിഡ്നിയില് ഖ്വാജയ്ക്ക് ഇരട്ട സെഞ്ച്വറി അനുവദിക്കാന് കമ്മിന്സിന് മനസ് വരാതെ പോയത്. അന്ന് മൂന്നാം ദിനവും രണ്ടം ദിനവുമൊന്നും കാര്യമായി കളിയേ നടന്നിരുന്നില്ല. നാലാം ദിനമായിട്ടും ഒരൊറ്റ ഇന്നിങ്സേ നടന്നിരുന്നുള്ളൂ. അതിനാലാണ് നാലാം ദിനം ബാറ്റിങ്ങിനിറങ്ങാതെ ഓസീസ് നായകൻ ഡിക്ലയർ പ്രഖ്യാപിച്ചത്. അങ്ങനെയാണെങ്കിൽ കൂടിയും ഖ്വാജയ്ക്ക് ഒരു ഒന്നോ രണ്ടോ ഓവർ കൂടി അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് അർഹിച്ച ഡബിളടിക്കാമായിരുന്നു എന്ന് ചിന്തിക്കുന്നവരും ഏറെയുണ്ടായിരുന്നു അന്ന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us