ഇന്ത്യന് പ്രീമിയര് ലീഗിന്റെ നിലവിലെ ചാമ്പ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് അടുത്ത സീസണില് നായകമാറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് വാര്ത്തകള് വരുന്നത്. മുംബൈ ഇന്ത്യന്സിന്റെ സ്റ്റാര് ബാറ്റര് സൂര്യകുമാര് യാദവിന് കൊല്ക്കത്ത ക്യാപ്റ്റന് പദവി വാഗ്ദാനം ചെയ്തുവെന്ന വാര്ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ സീസണില് കൊല്ക്കത്തയെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന് ശ്രേയസ് അയ്യര് മറ്റൊരു ടീമിലേക്ക് പോകുമെന്നും റിപ്പോര്ട്ടില് സൂചിപ്പിക്കുന്നുണ്ട്.
അതേസമയം കൊല്ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന് ശ്രേയസ് അയ്യരെ ഒഴിവാക്കുന്നതില് ആരാധക പ്രതിഷേധവും ഉയരുന്നുണ്ട്. 2024 ഐപിഎല്ലിലെ കലാശപ്പോരില് പാറ്റ് കമ്മിന്സ് നയിച്ച സണ്റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് ശ്രേയസ് അയ്യരും സംഘവും കപ്പുയര്ത്തിയത്. കൊല്ക്കത്തയുടെ ചരിത്രത്തിലെ മൂന്നാമത് ഐപിഎല് കിരീടമായിരുന്നു ഇത്.
പോക്കറ്റിൽ പണമുണ്ടെങ്കിൽ രോഹിത്തിനെ റാഞ്ചും, കട്ടായം! ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്ഐപിഎല് 2025 സീസണിന് മുന്നേ വമ്പന് ട്വിസ്റ്റുകള്ക്ക് കളമൊരുങ്ങുമെന്ന് ഉറപ്പാണ്. പല വമ്പന് താരങ്ങളും കൂടുമാറിയേക്കാമെന്നാണ് റിപ്പോര്ട്ടുകള്. ആരാധകരുടെ കിളിപറത്തിയ അഭ്യൂഹങ്ങള് ഇതിനോടകം തന്നെ പ്രചരിക്കുന്നുമുണ്ട്. മുംബൈ ഇന്ത്യന്സിന്റെ മുന് ക്യാപ്റ്റന് രോഹിത് ശര്മ പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയേക്കുമെന്നും മലയാളി താരവും രാജസ്ഥാന് റോയല്സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് ചെന്നൈ സൂപ്പര് കിങ്സിലേക്ക് കൂടുമാറുമെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് സൂര്യകുമാർ യാദവിന്റെയും കൂടുമാറ്റം സജീവമാകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീണിന് മുമ്പായാണ് മുംബൈ ഇന്ത്യൻസിൽ നായകമാറ്റമുണ്ടായത്. 10 വർഷമായി മുംബൈ നായകനായിരുന്ന രോഹിത് ശർമ്മയ്ക്ക് പകരമായി ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റനായി. എന്നാൽ നായകമാറ്റം ടീമിനുള്ളിലെ അന്തരീക്ഷത്തെയും ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. സീസണിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഫിനിഷ് ചെയ്തത്.
ഐപിഎൽ 2025ന് മുമ്പായി മുംബൈ ഇന്ത്യൻസിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ടീമിന്റെ ഗ്ലോബൽ ഡയറക്ടർ സ്ഥാനത്തുള്ള സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് മാറുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ടീമിനുള്ളിലെ മോശം അന്തരീക്ഷം രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ മുംബൈ വിടാൻ കാരണമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.