ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിന് തിരിച്ചടിയായി ഐസിസി നടപടി. കുറഞ്ഞ ഓവർ നിരക്കിന് ആറ് പോയിന്റുകളാണ് പാകിസ്താൻ ടീമിന് നഷ്ടമാകുന്നത്. കൂടാതെ മാച്ച് ഫീയുടെ 30 ശതമാനം പിഴയും താരങ്ങൾക്ക് വിധിച്ചിട്ടുണ്ട്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ഒമ്പത് ടീമുകളിൽ എട്ടാം സ്ഥാനത്താണ് പാകിസ്താൻ. ആറ് മത്സരങ്ങൾ കളിച്ച പാക് ടീം രണ്ടിൽ വിജയിച്ചപ്പോൾ നാലിൽ പരാജയപ്പെട്ടു. ഇന്ത്യയാണ് ടേബിളിൽ ഒന്നാമത്.
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസ്സനും മാച്ച് ഫീയുടെ 10 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്. മത്സരത്തിനിടെ പാകിസ്താൻ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ പന്തുകൊണ്ട് എറിയാൻ ശ്രമിച്ചതിനാണ് ഷാക്കിബിന് പിഴ വിധിച്ചിരിക്കുന്നത്. തോൽവി ഒഴിവാക്കാൻ മത്സരം വൈകിപ്പിക്കാനുള്ള റിസ്വാന്റെ തന്ത്രത്തിൽ പ്രകോപിതനായാണ് ഷാക്കിബ് പാകിസ്താൻ ബാറ്ററുടെ തലയ്ക്ക് മുകളിലൂടെ പന്തെറിയാൻ ശ്രമിച്ചത്.
റിമംബർ ദി നെയിം, കാർലോസ് ബ്രാത്വൈറ്റ്!, ഇത്തവണ അടിച്ച് വെളിയിലിട്ടത് സ്വന്തം ഹെൽമറ്റ്ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുന്നത്. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ ഡിക്ലയർ ചെയ്ത തീരുമാനവും വിവാദമായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ആറിന് 448 എന്ന പാകിസ്താൻ സ്കോറിനെതിരെ ബംഗ്ലാദേശ് നേടിയത് 565 റൺസാണ്. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 146 റൺസിൽ ഓൾ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശ് മറികടന്നു.