വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സനും തമ്മിലുള്ള കാലങ്ങളായുള്ള കളിക്കളത്തിലെ പോരാട്ടങ്ങൾ ഏറെ പ്രസിദ്ധമാണ്. എങ്കിലും കളിക്കളത്തിനു പുറത്ത് വിരാടിനെ അഭിനന്ദിക്കാനും പ്രശംസിക്കാനും ഒരു മടിയും കാണിക്കാത്തയാണ് ആൻഡേഴ്സൻ. ഇപ്പോൾ വിരാട് കോഹ്ലിയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. തനിക്കെതിരെ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച ബാറ്ററായി കോഹ്ലിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള ആൻഡേഴ്സന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചേസ് ചെയ്യുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിൽ വിരാടിനോളം പോന്നൊരു ബാറ്ററെ ഞാൻ കണ്ടിട്ടില്ല. റൺസ് ചേസ് ചെയ്യുമ്പോൾ ഉള്ള വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ അതിശയിപ്പിക്കുന്നതാണ്. രണ്ടാം ഇന്നിങ്സുകളിൽ അയാൾ ചേസ് ചെയ്യുമ്പോൾ നേടുന്ന സെഞ്ച്വറികൾ അത്രയുമുണ്ട്. ഏത് പ്രതികൂലമായ സിറ്റുവേഷനുകളിലും അയാൾ കാണിക്കുന്ന ആത്മവിശ്വാസവും നിശ്ചദാർഢ്യവും അത്ഭുതപ്പെടുത്തും. ആൻഡേഴ്സൻ പറഞ്ഞതിങ്ങനെ.
ഇതിനൊപ്പം മുൻ ഓസീസ് ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ ഇതിഹാസ താരമായ മൈക്കൽ ബെവന്റെ പേരും ആൻഡേഴ്സൻ അഭിമുഖത്തിനിടെ പരാമർശിച്ചു. 'ചേസ് ചെയ്യുമ്പോൾ മനസിൽ വരുന്ന മറ്റൊരാൾ മൈക്കൽ ബെവനാണ്. 90 കളുടെ അവസാനത്തിലും 2000 ങ്ങളിലും ബെവൻ ഓസീസിനായി ആറാമനായി ഇറങ്ങി നേടിയ റൺസുകൾ ഇപ്പോഴും മനസിലുണ്ട്. മൂന്നാം നമ്പറിൽ കോഹ്ലി നേടുന്ന സെഞ്ച്വറികളും ആറാമനായി ഇറങ്ങി ബെവൻ നേടിയിരുന്ന അർധസെഞ്ച്വറികളും ആണ് ഫിനിഷർമാരെക്കുറിച്ച് പറയുമ്പോൾ എന്റെ മനസിൽ വരുന്ന ബാറ്റർമാർ.' ആൻഡേഴ്സൻ കൂട്ടിച്ചേർക്കുന്നു.
ഈയടുത്താണ് ജെയിംസ് ആൻഡേഴ്സൻ അന്താരാഷ്ട്രക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച പേസ് ബോളർമാരിൽ ഒരാൾ എന്ന പേരെടുത്തുകൊണ്ടായിരുന്നു ആൻഡേഴ്സന്റെ അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നുള്ള പടിയിറക്കം.
ടെസ്റ്റ് മത്സരങ്ങളിൽ കോഹ്ലിയും ആൻഡേഴ്സനും 36 ഇന്നിങ്സുകളിലാണ് മാറ്റുരച്ചത്. 43. 57 ആവറേജിൽ 305 റൺസാണ് കോഹ്ലി ആൻഡേഴ്സനെതിരെ നേടിയിട്ടുള്ളത്. ഏഴ് തവണ കോഹ്ലിയെ വീഴ്ത്താൻ ആൻഡേഴ്സനു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ 2014 ലെ ടൂറിൽ ആൻഡേഴ്സൻ 4 തവണ കോഹ്ലിയെ പവലിയനിലേക്ക് മടക്കി അയച്ചിരുന്നു. എങ്കിലും നാല് വർഷത്തിനു ശേഷം നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിൽ 59.30 ശരാശരിയിൽ 593 റൺസ് വാരിക്കൂട്ടി കോഹ്ലി തിരിച്ചടിക്കുകയും ചെയ്തു.