'കോഹ്ലിയോട് സംസാരിക്കാന് ഭയമായിരുന്നു'; തുറന്നുപറഞ്ഞ് റിങ്കു സിങ്

രണ്ടാമത്തെ തവണയും ബാറ്റ് ലഭിച്ചത് എങ്ങനെയായിരുന്നെന്നും വിരാട് കോഹ്ലിയുമായുള്ള സംഭാഷണവും തുറന്നുപറയുകയാണ് റിങ്കു

dot image

ഇന്ത്യയുടെ മുന് നായകനും സ്റ്റാര് ബാറ്ററുമായ വിരാട് കോഹ്ലിയോട് സംസാരിക്കുന്നത് തനിക്ക് ഭയമായിരുന്നെന്ന് യുവതാരം റിങ്കു സിങ്. കഴിഞ്ഞ ഐപിഎല് സീസണില് ഏറ്റവും കൂടുതല് ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു റിങ്കു സിങ്ങും കോഹ്ലിയും തമ്മിലുള്ള സൗഹൃദം. സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന റിങ്കുവിന് കോഹ്ലി രണ്ടുതവണ ബാറ്റ് സമ്മാനിച്ചത് വലിയ വാര്ത്തയായിരുന്നു. രണ്ടാമത്തെ തവണയും ബാറ്റ് ലഭിച്ചത് എങ്ങനെയായിരുന്നെന്നും വിരാട് കോഹ്ലിയുമായുള്ള സംഭാഷണവും തുറന്നുപറയുകയാണ് റിങ്കു.

'വിരാട് കോഹ്ലി വളരെ സീനിയര് താരമായതുകൊണ്ടുതന്നെ എനിക്ക് അദ്ദേഹത്തെ സമീപിക്കാന് പോലും അല്പ്പം ഭയമായിരുന്നു. പൊട്ടിപ്പോയ ബാറ്റുമായി ഞാന് അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു. പക്ഷേ അദ്ദേഹം പുതിയൊരു ബാറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല', ഒരു ദേശീയ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില് റിങ്കു പറഞ്ഞു.

വിരാട് ഭായി തന്ന ബാറ്റ് പൊട്ടിപ്പോയെന്ന് റിങ്കു, അതിന് ഞാനെന്ത് വേണമെന്ന് കോഹ്ലി; വൈറലായി വീഡിയോ

'കഴിഞ്ഞ ഐപിഎല് സീസണില് ബെംഗളൂരുവില് വെച്ചാണ് അദ്ദേഹം എനിക്ക് ആദ്യത്തെ ബാറ്റ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റ് ഞാന് ചോദിക്കുകയും അതെനിക്ക് തരികയും ചെയ്തു. ആ ബാറ്റുവെച്ച് ഞാന് വലിയ ഷോട്ടുകള് അടിക്കാന് ശ്രമിച്ചു. പക്ഷേ നെറ്റ്സിലെ പരിശീലനത്തിനിടെ അത് പൊട്ടിപ്പോയി. അതിനുപകരം പുതിയ ബാറ്റ് അദ്ദേഹം തരുമെന്ന് ഞാന് പ്രതീക്ഷിച്ചിരുന്നില്ല', റിങ്കു കൂട്ടിച്ചേര്ത്തു.

നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരുവില് വെച്ച് നടന്ന മത്സരത്തിന് ശേഷമാണ് കോഹ്ലി റിങ്കുവിന് സ്നേഹ സമ്മാനമായി തന്റെ ബാറ്റ് നല്കിയത്. പിന്നീട് ബെംഗളൂരുവിനെതിരെ കൊല്ക്കത്തയില് വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായാണ് റിങ്കു ബാറ്റ് പൊട്ടിയെന്നും വീണ്ടും ബാറ്റ് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അന്ന് കോഹ്ലി ദേഷ്യപ്പെട്ടെങ്കിലും മത്സരത്തിന് ശേഷം വീണ്ടും മറ്റൊരു ബാറ്റ് സമ്മാനമായി നല്കുകയായിരുന്നു.

dot image
To advertise here,contact us
dot image