ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കി ടീം രൂപീകരിച്ചതുകൊണ്ടുമാത്രം വിജയമുണ്ടാകില്ലെന്ന് ഇന്ത്യന് താരവും ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ നിലവിലെ ക്യാപ്റ്റനുമായ കെ എല് രാഹുല്. ഐപിഎല് ടീം ഉടമകള് ബിസിനസ് പശ്ചാത്തലമുള്ളവരാണെന്നും രാഹുല് പറഞ്ഞു. ഐപിഎല്ലിന്റെ 2025 സീസണില് രാഹുല് ലഖ്നൗ ടീം വിടുമെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് താരത്തിന്റെ പ്രതികരണം.
'ഐപിഎല്ലിലെ ടീമുടമകള് ബിസിനസ് പശ്ചാത്തലത്തില് നിന്ന് വരുന്നവരാണ്. എല്ലാ കണക്കുകൂട്ടലുകളോടെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്താണ് ടീം രൂപീകരിക്കുന്നത്. അതുകൊണ്ട് മാത്രം എല്ലാ മത്സരങ്ങളിലും ടീം വിജയിക്കണമെന്നില്ല. കണക്കുകള് നോക്കിയാല് നിങ്ങള്ക്ക് ഒരുപക്ഷേ മികച്ച കളിക്കാരനെ ലഭിച്ചേക്കാം. പക്ഷേ ആ വര്ഷം ആ താരത്തിന്റെ മോശം സമയമാണെങ്കിലോ? എത്ര മികച്ച താരമാണെങ്കിലും അവര് മോശം ഫോമിലുള്ള സമയം ഉണ്ടായേക്കാം. അവിടെ വിജയം മാത്രം ഉറപ്പുനല്കുന്ന ഒരു ഫോര്മുലയും ഇല്ല', രാഹുല് പറഞ്ഞു.
ഇതിനിടെ കെ എല് രാഹുലും ലഖ്നൗ സൂപ്പര് ജയന്റ്സ് ടീമുടമ സഞ്ജീവ് ഗോയങ്കയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത സീസണില് രാഹുല് ലഖ്നൗ ടീം വിടുമെന്ന അഭ്യൂഹങ്ങള് ശക്തമാകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ സീസണ് സൂപ്പര് ജയന്റ്സിന് മോശമായിരുന്നെങ്കിലും ടീമില് തന്നെ തുടരണമെന്ന ആഗ്രഹം രാഹുല് പ്രകടിപ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
ഐപിഎല് 2025: കൂടുമാറ്റ അഭ്യൂഹങ്ങള്ക്കിടെ സഞ്ജീവ് ഗോയങ്കയെ കണ്ട് കെ എല് രാഹുല്ഐപിഎല് 2024 സീസണിനിടെ ടീമുടമ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മിലുണ്ടായ അസ്വാരസ്യങ്ങള് വലിയ രീതിയില് ചര്ച്ചയായിരുന്നു. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു വിവാദപരമായ സംഭവം. ലഖ്നൗ പരാജയം വഴങ്ങിയതിന് പിന്നാലെയാണ് സൂപ്പര് ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന് രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ആരാധകരും മുന് താരങ്ങളും സഞ്ജീവ് ഗോയങ്കയെ വിമര്ശിച്ച് രംഗത്തെത്തുകയും ചെയ്തു.
ടൂര്ണമെന്റില് മോശം പ്രകടനമാണ് ലഖ്നൗ കാഴ്ച വെച്ചത്. ഈ പശ്ചാത്തലത്തില് രാഹുല് ടീം വിടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു റിപ്പോര്ട്ടുകള്. രാഹുലിനായി റോയല് ചലഞ്ചേഴ്സ് ബെംഗളൂരു രംഗത്തുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ദിനേശ് കാര്ത്തിക്കിന് പകരം വിക്കറ്റ് കീപ്പറെ തേടുന്ന റോയല് ചലഞ്ചേഴ്സ് രാഹുലിനെ സ്വന്തമാക്കാന് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. 2013 മുതല് 2016 വരെ റോയല് ചലഞ്ചേഴ്സിന്റെ താരമായിരുന്നു കെ എല് രാഹുല്.