സ്റ്റീവ് സ്മിത്തിന്റെ ടെസ്റ്റിലെ പുതിയ ബാറ്റിങ് പൊസിഷനെപ്പറ്റി തന്റെ നിരീക്ഷണം പങ്കുവെച്ച് മുൻ കോച്ചായ ജസ്റ്റിൻ ലാംഗർ രംഗത്ത്. ടെസ്റ്റിൽ സ്മിത്ത് നാലാമനായി തന്നെ ക്രീസിലെത്തണമെന്നാണ് ലാംഗർ അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരത്തെ ഡേവിഡ് വാർണറുടെ വിരമിക്കലിനു ശേഷം സ്മിത്ത് നാലാം സ്ഥാനത്ത് നിന്ന് മാറി ഓപണറായിട്ടായിരുന്നു പ്ലേയിങ് ഇലവനിൽ കളിച്ചിരുന്നത്. എങ്കിലും ഓപണറായതിനു ശേഷം നിറം മങ്ങിയ പ്രകടനമായിരുന്നു സ്മിത്തിന്റേത്.
വിൻഡീസിനെതിരെ ഗബ്ബയിൽ നേടിയ 91 റൺസ് മാത്രമാണ് ഓപണറായതിനു ശേഷമുള്ള സ്മിത്തിന്റെ എടുത്ത് പറയാൻ കഴിയുന്ന പ്രകടനം. ഓപണറായതിനു ശേഷം സ്മിത്തിന്റെ ആവറേജ് 28.50 ആയി കുറഞ്ഞിരുന്നു.
സ്മിത്ത് ഈ കാലത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അങ്ങനെയുള്ളവർക്ക് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ കഴിയും. എങ്കിലും അദ്ദേഹം നാലാം നമ്പറിൽ കളിക്കുന്നതാണ് അഭികാമ്യം. എതിരാളികളെ മാനസികമായി തകർക്കാൻ അത് സഹായിക്കും. ലാംഗർ പറയുന്നതിങ്ങനെ. സ്മിത്തിന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും രംഗത്തെത്തിയിട്ടുണ്ട്. ബോർഡർ ഗവാസ്കർ പോരാട്ടം തുടങ്ങാനിരിക്കെ അതായിരിക്കും ടീമിന്റെ ഏറ്റവും മികച്ച സ്ട്രാറ്റജി എന്നാണ് ഖ്വാജയുടെ അഭിപ്രായം.
109 ടെസ്റ്റുകളിൽ നിന്നും 9685 റൺസാണ് 56.97 ആവറേജിൽ സ്മിത്ത് ഇതിനകം നേടിയിട്ടുള്ളത്. ഇതിൽ 32 സെഞ്ച്വറികളും 41 ഫിഫ്റ്റികളും വരുന്നു. ഇതിനകം തന്നെ 16000 അന്താരാഷ്ട്രറൺസുകൾ സ്മിത്ത് നേടിയിട്ടുണ്ട്. റിക്കി പോണ്ടിങ്ങിനും (13,378), അലൻ ബോർഡർക്കും (11,174), സ്റ്റീവ് വോയ്ക്കും (10,927) ശേഷം ഓസീസിനായി ഏറ്റവും കൂടുതൽ റൺസെടുത്ത ടെസ്റ്റ് താരങ്ങളിൽ നാലാമനാണ് നിലവിൽ സ്മിത്ത്.