ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യയ്ക്ക് ഭാഗ്യതാരങ്ങളാവാൻ രണ്ട് പേരുണ്ട്. ഒരാൾ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭനയാണെങ്കിൽ മറ്റൊരാൾ കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിലെ മിന്നും ഫോമോടെ തിളങ്ങിയ വയനാട് മാനന്തവാടി സ്വദേശിനി സജന സജീവനാണ്. സമീപകാലത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ട്വന്റി20 ടീം കളിച്ചപ്പോഴെല്ലാം ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായിരുന്നു ആശയും സജനയും. ബംഗ്ലദേശിനെ 5–0ന് തൂത്തുവാരിയ പരമ്പരയിലും പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഇന്ത്യ റണ്ണേഴ്സ് അപ്പായ ഏഷ്യാ കപ്പിലുമെല്ലാം ഇരുവരും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
ഇതിൽ സജന സജീവനെക്കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ വനിത പ്രീമിയർ ലീഗിന്റെ സമയത്ത് ഏറെ ചർച്ചയായതും ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്യുകയും ചെയ്ത പേരുകളിലൊന്നായിരുന്നു സജന സജീവന്റെ പേര്. വനിത പ്രീമിയര് ലീഗിലെ അരങ്ങേറ്റ മല്സരത്തില് തന്നെ ലോകത്തിന്റെ മുഴുവന് കൈയടി നേടാന് മുംബൈ ഇന്ത്യന്സിന്റെ മലയാളി ഓള്റൗണ്ടര് സജന സജീവന് ഒരു ബോള് മാത്രമേ വേണ്ടിവന്നുള്ളൂ അന്ന്. സ്വപ്നതുല്യമായ അരങ്ങേറ്റത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന താരമായി ഈ വയനാട്ടുകാരി അന്ന് മാറുകയായിരുന്നു.
അന്ന് ഡല്ഹി ക്യാപ്പിറ്റല്സുമായുള്ള ത്രില്ലറില് മുംബൈ അവസാന ബോളില് നാടകീയ വിജയം സ്വന്തമാക്കിയപ്പോള് തലയെടുപ്പോടെ നിന്നത് സജനയായിരുന്നു. ഒരുപക്ഷേ, ഇത്രയും മികച്ചൊരു അരങ്ങേറ്റം ഒരു താരത്തിനു ഡബ്ല്യുപിഎല് പോലെയൊരു വലിയ വേദിയില് സ്വപ്നം കാണാന് പോലും കഴിയില്ല. കാരണം ബാറ്റ് ചെയ്യാന് ക്രീസിലെത്തി 30 സെക്കന്റിനകം നേരിട്ട ആദ്യത്തെ ബോളില് തന്നെ സിക്സറടിച്ചാണ് സജന മുംബൈയ്ക്കു അന്ന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.
അന്ന് 12 റണ്സായിരുന്നു അവസാന ഓവറില് മുംബൈയ്ക്കു ജയിക്കാന് വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിന്റെ സ്പിന് ബൗളിങ് ഓള്റൗണ്ടര് ആലിസ് കാസ്പിയാണ് ഈ ഓവര് ബൗള് ചെയ്തത്. ക്രീസിലുണ്ടായിരുന്നത് മുംബൈ ക്യാപ്റ്റനും സൂപ്പര് താരവുമായ ഹര്മന്പ്രീത് കൗറും പൂജ വസ്ത്രാക്കറുമായിരുന്നു. ആദ്യത്തെ ബോളില് തന്നെ പൂജയെ (1) പുറത്താക്കിയ കാപ്സി ഡല്ഹിയുടെ വിജയസാധ്യതകള് വര്ധിപ്പിച്ചു. തുടര്ന്ന് അമന്ജ്യോത് കൗറാണ് ക്രീസിലെത്തിയത്. അടുത്ത ബോളില് അമന്ജ്യോത് ഡബിളെടത്തു. മൂന്നാമത്തെ ബോളില് സിംഗിളും നേടി. നാലാമത്തെ ബോളില് മുംബൈയ്ക്കു വിജയപ്രതീക്ഷ നല്കി ഹര്മന്പ്രീതിന്റെ ബൗണ്ടറി. കവര് പോയിന്റിനു മുകളിലൂടെയാണ് താരം ഷോട്ട് പായിച്ചത്. ഇതോടെ മുംബൈയ്ക്കു ജയിക്കാന് വേണ്ടത് രണ്ടു ബോളില് വേണ്ടത് അഞ്ചു റണ്സ് ആയിരുന്നു. അടുത്ത ബോളില് സിക്സറിലൂടെ മുംബൈയുടെ വിജയ റണ്സ് നേടാനുള്ള ഹര്മന്പ്രീതിന്റെ ശ്രമം പാളി. നേരെ ആകാശത്തേുയര്ന്ന ബോള് ലോങ് ഓണിനു മുന്നില് സതര്ലാന്ഡിന്റെ കൈകളില് അവസാനിച്ചു. ഡല്ഹി വിജയം മണത്ത സമയമായിരുന്നു അത്.
അവസാനത്തെ ബോളില് ജയിക്കാന് അഞ്ചു റണ്സ് വേണ്ടിയിരുന്നപ്പോഴാണ് അന്ന് എട്ടാം നമ്പറിൽ അരങ്ങേറ്റക്കാരിയായ സജന ക്രീസിലെത്തുന്നത്. കന്നിമത്സരത്തിന്റെ ടെൻഷനില്ലാതെ കാപ്സിയെ നേരിടാന് ക്രീസില് നിന്നും പുറത്തേക്കിറങ്ങിയ സജനയുടെ വമ്പന് ഷോട്ട്. ലോങ് ഓണിനു മുകളിലൂടെ അതു സിക്സറിലേക്കു പറന്നപ്പോള് സജനയെ മുംബൈ താരങ്ങള് അഭിനന്ദനങ്ങള് കൊണ്ട് പൊതിഞ്ഞു, അന്നേരം. നേരത്തേ ബൗള് ചെയ്യാന് അവസരം കിട്ടിയില്ലെങ്കിലും ബാറ്റിങില് ഒരൊറ്റ ബോള് കൊണ്ട് തന്നെ സജന താരമാവുകയായിരുന്നു അന്ന്.
വയനാട്ടുകാരിയായ മിന്നുമണിക്കു ശേഷം ഇന്ത്യന് ക്രിക്കറ്റിനു അഭിമാനിക്കാന് വക നൽകുന്ന താരമാണ് സജനയും. മാനന്തവാടി ഗവണ്മെന്റ് വിഎച്ച്എസ് സ്കൂളില് പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിനെ കൂടുതല് ഗൗരവത്തോടെ സമീപിക്കുന്നത്. 2012ലായിരുന്നു കേരളാ വനിതാ ടീമിന്റെ സീനിയര് ടീമില് അവര് ഇടം പിടിച്ചത്. തുടര്ന്നു ഇന്ത്യന് എ ടീമിലും അവസരം ലഭിക്കുകയായിരുന്നു. 2016ല് വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില് വച്ച് ഇന്ത്യന് ബാറ്റിങ് ഇതിഹാസവും മുൻ കോച്ചുമായ രാഹുല് ദ്രാവിഡിനെ നേരില് കണ്ടതാണ് സജനയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറിയതെന്ന് അവർ തന്നെ മുമ്പൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.