ഇന്ത്യൻ പുരുഷടീമിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വരാനിരിക്കുന്ന ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്ന് ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ. കഴിഞ്ഞ ടി20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ കിരീടം നേടിയിരുന്നു. 17 വർഷത്തിനു ശേഷമായിരുന്നു ആ സമയത്ത് ടീം ഇന്ത്യ കുട്ടിക്രിക്കറ്റിലെ കിരീടം നേടിയത്. ഇത്തവണ ഒക്ടോബറിൽ യു എ ഇയിലാണ് വനിതാ ടി20 ലോകകപ്പ് നടക്കാൻ പോവുന്നത്.
ഞങ്ങൾ വലിയ രീതിയിൽ തന്നെ പുരുഷടീമിന്റെ കിരീട നേട്ടത്തിൽ പ്രചോദിതരായിട്ടുണ്ട്. ഈ വർഷം ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷിക്കാൻ മറ്റൊരു കിരീടനേട്ടം ആവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഹർമൻപ്രീത് കഴിഞ്ഞ ദിനം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞതിങ്ങനെ.
ഇതുവരെയായും ഇന്ത്യയുടെ വനിതാ ടീം ഒരു ടി20 ലോകകിരീടം നേടിയിട്ടില്ല. 2020 ൽ കിരീടനേട്ടത്തിനടുത്ത് വരെയെത്തിയെങ്കിലും ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. അന്ന് ആസ്ട്രേലിയയായിരുന്നു ഇന്ത്യയെ തകർത്ത് കപ്പടിച്ചത്. ഇത്തവണ ഏറെ പ്രതീക്ഷകളോടെ തന്നെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ആസ്ട്രേലിയ. ശ്രീലങ്ക, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ഇത്തവണ ഇന്ത്യയുല്ളത്.