ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ കെ എൽ രാഹുലിനെ ടീമിൽ നിലനിർത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. ടീം ക്യാപ്റ്റൻ കെ എൽ രാഹുലുമായി സഞ്ജീവ് ഗോയങ്ക കഴിഞ്ഞ തവണ നടത്തിയ കുടിക്കാഴ്ച ഏറെ ചർച്ചയായിരുന്നു. പിന്നാലെയാണ് രാഹുലിനെ നിലനിർത്തുന്ന കാര്യത്തിൽ പ്രതികരണവുമായി ടീം ഉടമ തന്നെ രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി താനും രാഹുലും നിരന്തരമായി കുടിക്കാഴ്ചകൾ നടത്തുന്നു. എന്നാൽ ഇത്തവണത്തെ കൂടിക്കാഴ്ച വലിയ ചർച്ചയായത് തന്നെ അത്ഭുതപ്പെടുത്തി. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. 2022ൽ ലഖ്നൗ ഐപിഎല്ലിന്റെ ഭാഗമായത് മുതൽ രാഹുൽ ഈ ടീമിന്റെ പ്രധാന ഘടകമാണ്. ലഖ്നൗവിൽ രാഹുലിന്റെ റോൾ വലുതാണെന്നും സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി.
ഒരുങ്ങിപ്പുറപ്പെട്ട് ഗോയങ്കയും ടീമും, IPL ൽ വൻ ട്വിസ്റ്റ്; മുംബൈ ഡയറക്ടർ സഹീർ ഖാൻ ഇനി ലഖ്നൗ മെന്റർകഴിഞ്ഞ ഐപിഎൽ സീസണിൽ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഉൾപ്പെടെ രാഹുലിന്റെ മെല്ലെപ്പോക്ക് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 520 റൺസാണ് താരത്തിന് നേടാനായത്. 134.61 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ ലഖ്നൗ ക്യാപ്റ്റനായും രാഹുലിന്റെ പ്രകടനം മോശമായിരുന്നു. ഏഴ് വിജയവും ഏഴ് തോൽവിയുമായി സീസണിൽ ഏഴാം സ്ഥാനത്താണ് ലഖ്നൗ ഫിനിഷ് ചെയ്തത്.