ഷായ് ഹോപ്പ് വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്ഡീസ്

24 പന്തില് പുറത്താകാതെ 42 റണ്സെടുത്ത ഷായ് ഹോപ്പാണ് വിന്ഡീസിന്റെ ടോപ് സ്കോറര്

dot image

ട്രിനിഡാഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്ഡീസ്. മൂന്നാം ടി20യില് എട്ട് വിക്കറ്റിനാണ് വിന്ഡീസ് വിജയം പിടിച്ചെടുത്തത്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം 30 റണ്സിനും വിജയിച്ച വിന്ഡീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

മൂന്നാം ടി20യില് മഴ കാരണം 13 ഓവര് വീതമായി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 108 റണ്സ് അടിച്ചുകൂട്ടിയപ്പോള് വിന്ഡീസ് 9.2 ഓവറില് ലക്ഷ്യം മറികടന്നു. 24 പന്തില് പുറത്താകാതെ 42 റണ്സെടുത്ത ഷായ് ഹോപ്പാണ് വിന്ഡീസിന്റെ ടോപ് സ്കോറര്.

ഇത് ലോക്കൽ ടീമല്ല, ഞാനായിരുന്നെങ്കിൽ അവനോട് ബാഗുമെടുത്ത് വീട്ടിൽ പോവാൻ പറയുമായിരുന്നു!

തരൂബയിലെ ബ്രയാന് ലാറ അക്കാദമിയില് നടന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്സെടുത്ത് നില്ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. തുടര്ന്ന് 13 ഓവറാക്കി കുറച്ച് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

15 പന്തില് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും ഉള്പ്പടെ 40 റണ്സെടുത്ത സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. 12 പന്തില് 20 റണ്സെടുത്ത ക്യാപ്റ്റന് എയ്ഡന് മാര്ക്രം 24 പന്തില് 27 റണ്സെടുത്ത ഓപ്പണര് റയാന് റിക്കിള്ട്ടനും മാത്രമാണ് ഭേദപ്പെട്ട സംഭാവനകള് നല്കി. റീസ ഹെന്ഡ്രിക്സ് ഒന്പത് റണ്സെടുത്ത് പുറത്തായപ്പോള് ജേസണ് സ്മിത്തും (6*) വിയാന് മുള്ഡറും (1*) പുറത്താകാതെ നിന്നു. വിന്ഡീസിനായി റൊമാരിയോ ഷെപ്പേര്ഡ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില് മോശം തുടക്കമാണ് വിന്ഡീസിന് ലഭിച്ചത്. നാലാം പന്തില് തന്നെ ഓപണര് അലിക് അതാനാസെയെ (1) വിന്ഡീസിന് നഷ്ടമായി. വണ്ഡൗണായി എത്തിയ നിക്കോളാസ് പൂരനെയും കൂട്ടുപിടിച്ച് ഷായ് ഹോപ്പ് (42*) പോരാട്ടം തുടര്ന്നു. 13 പന്തില് 35 റണ്സെടുത്ത പൂരന് 3.5 ഓവറില് പുറത്തായി. പകരമെത്തിയ ഷിമ്രോണ് ഹെറ്റ്മെയറും തകര്ത്തടിച്ചതോടെ വിന്ഡീസ് ലക്ഷ്യത്തിലെത്തി. 17 പന്തില് 31 റണ്സെടുത്ത ഹെറ്റ്മെയര് ഹോപ്പിനൊപ്പം പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image