ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് കരുൺ നായർ. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെയും ഇംഗ്ലീഷ് കൗണ്ടിയിലെയും തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് താരത്തിന്റെ വാക്കുകൾ. താൻ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തുന്നു. എന്നാൽ ഇത് ഒരു മത്സരത്തിലേക്ക് മാത്രമല്ല. ഒരുപാട് ദൂരത്തേയ്ക്ക് താൻ നോക്കുന്നുമില്ല. അങ്ങനെ ചിന്തിച്ചാൽ ഒരുപക്ഷേ തനിക്ക് മാനസിക പിരിമുറുക്കം ഉണ്ടായേക്കാമെന്ന് കരുൺ നായർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിൽ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും താൻ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ ഒരു വർഷത്തിൽ ലഭിച്ച എല്ലാ അവസരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചു. ഒരോ ദിവസവും ഓരോ പുതിയ അവസരങ്ങളാണെന്നും കരുൺ നായർ വ്യക്തമാക്കി.
കരിയറിലെ മൂന്നാം ടെസ്റ്റില് തന്നെ ട്രിപ്പിള് സെഞ്ചുറി നേടി സ്വപ്നതുല്യമായ തുടക്കമാണ് കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ ലഭിച്ചത്. എന്നാൽ പിന്നീട് താരത്തെ വേണ്ടവിധത്തിൽ ഇന്ത്യൻ ക്രിക്കറ്റ് പരിഗണിച്ചില്ല. ഒരുപക്ഷേ കരിയർ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നുമാണ് കരുണിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കുന്നത്. കര്ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില് മാംഗ്ലൂര് ഡ്രാഗണ്സിനെതിരെ മൈസൂര് വാരിയേഴ്സിന്റെ ക്യാപ്റ്റനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറിയുമായാണ് കരുണ് നായര് തന്റെ ഫോമിലേക്കുള്ള വരവ് ആഘോഷിച്ചത്. 48 പന്തില് പുറത്താവാതെ 124 റണ്സ് കരുണ് മത്സരത്തിൽ അടിച്ചുകൂട്ടി. ഇതോടെയാണ് കരുൺ നായർ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്.