ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്മാരിലൊരാളാണ് ജസ്പ്രീത് ബുംറ. ടി20 ലോകകപ്പിനു ശേഷം ഇപ്പോള് വിശ്രമത്തിലുള്ള ബുംറ ന്യൂസീലന്ഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിനം തന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാനെക്കുറിച്ച് ബുംറ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്ങനെയൊരാളില്ലെന്നാണ് ബുംറ ആ അഭിമുഖത്തിൽ ഒരാളുടെ പേരെടുത്ത് പറയാതെ പക്ഷേ, തന്റെ ആത്മവിശ്വാസം ചൂണ്ടിക്കാട്ടി പറയുന്നത്.
'നിങ്ങള്ക്കൊരു നല്ല ഉത്തരം നല്കണമെന്ന് ആഗ്രഹിക്കുന്നു. ശരിയായ വസ്തുത എന്തെന്നാല് എന്റെ തലയില് കയറാന് ഞാന് ആരേയും അനുവദിക്കില്ല. ഞാന് എല്ലാവരേയും ബഹുമാനിക്കുന്നു. എന്നാല് ഞാൻ എന്നോട് തന്നെ സ്വയം പറയാറുള്ളത് നീ നിന്റെ ജോലി നന്നായി ചെയ്താല് ലോകത്തില് ആര്ക്കും നിന്നെ തോല്പ്പിക്കാനോ തടുക്കാനോ ആവില്ലെന്നാണ്.' ബുംറ ആ അഭിമുഖത്തിൽ പറയുന്ന വാക്കുകൾ ഇങ്ങനെ.
ഐപിഎല്ലില് മുംബൈ ഇന്ത്യന്സിലൂടെ വളര്ന്ന ബുംറ ഇപ്പോള് മൂന്ന് ഫോര്മാറ്റിലും ഇന്ത്യയുടെ വജ്രായുധമാണ്. ഡെത്തോവറിലെ ബുംറയുടെ മികവാണ് മറ്റുള്ളവരില് നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ ലോകകപ്പിലടക്കം ബുംമ്ര എത്രത്തോളം ടീം ഇന്ത്യയ്ക്ക് പ്രധാനമാണ് എന്ന് നമ്മൾ കണ്ടിട്ടുണ്ട്.
ബുംമ്ര കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ബോളറായിരുന്നു. 4.17 എക്കണോമിയിൽ 15 വിക്കറ്റുകളായിരുന്നു ബുംമ്ര നേടിയത്. അതിനൊപ്പം അദ്ദേഹം ആ ടൂർണമെന്റിലെ മാൻ ഓഫ് ദി സീരീസുമായി മാറി. ഐസിസിയുടെ മൂന്ന് ഫോർമാറ്റിലും ഐസിസി റാങ്കിങ്ങിൽ ഒന്നാമനായ ആദ്യ താരം കൂടിയാണ് ജസ്പ്രീത് ബുംമ്ര.