വിരാട് കോഹ്ലിയെയും ബാബർ അസമിനേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ആരാണ് കേമൻ ചർച്ചകൾ ഇടക്കാലത്തുണ്ടായിരുന്നെങ്കിലും ബാബർ അസമിന്റെ ഇപ്പോഴത്തെ പരിതാപകരമായ ഫോമോടെ ആ ചർച്ചകൾ ഏതാണ്ട് നിന്ന മട്ടിലാണ് കാര്യങ്ങൾ. ഇപ്പോൾ മുൻ പാക് സ്പിന്നറായ ഡാനിഷ് കനേരിയ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
'ആരാണ് അവരെ താരതമ്യപ്പെടുത്തുന്നത്. ആളുകൾ ഇക്കാര്യം പറയുന്നത് കേട്ട് ഞാൻ മടുത്തു. വിരാടിനെ നോക്കൂ, അയാൾ ലോകത്തിലെ എല്ലാ കോണിലും റൺസുകൾ വാരിക്കൂട്ടിയിട്ടുണ്ട്.' കനേരിയ പറഞ്ഞത് ഇങ്ങനെ. കോഹ്ലി ഗ്രൗണ്ടിലുള്ളപ്പോൾ കിട്ടുന്ന ഇംപാക്ട് തന്നെ വളരെ വലുതാണ്. ബാംബറിൽ ഇപ്പോൾ ഇല്ലാത്തതും അതാണ്. ഇരുവരുടെയും കരിയർ അവസാനിച്ചാലേ ആരാണ് കേമൻ എന്ന് പറയാനാവൂ.
കോഹ്ലി ഗ്രൗണ്ടിലേക്ക് നടന്നുവരുമ്പോൾ കിട്ടുന്ന ഫീൽ തന്നെ വേറെ ലെവലാണ്. ബാബറിനെയും കോഹ്ലിയെയും താരതമ്യപ്പെടുത്തുന്നത് തന്നെ അവസാനിപ്പിക്കണം. അവരെ താരതമ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്. കനേരിയ പറയുന്നു.
നിലവിൽ റൺസെടുക്കാൻ ഏറെ ബുദ്ധിമുട്ടുന്ന ബാബറിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെയുമായി 224 റൺസ് മാത്രമാണ് മുൻനിര ബാറ്ററായ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. ബോളറും ഓസീസ് ക്യാപ്റ്റനുമായ പാറ്റ് കമ്മിൻസിന് പോലും ഇതിലും കൂടുതൽ റൺസ് നേടാൻ കഴിഞ്ഞിട്ടുണ്ട് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ. 29 കാരനായ ബാബർ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യഇന്നിങ്സിൽ ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ലിട്ടൺ ദാസിന്റെ ക്യാച്ചിൽ പൂജ്യനായിട്ടാണ് പുറത്തായത്. രണ്ടാം ഇന്നിങ്സിലും 22 റൺസെടുക്കാനേ ബാബറിന് കഴിഞ്ഞുള്ളൂ.