കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ സ്വപ്നസമാനമായ തിരിച്ചുവരവ് നടത്തിയ ടീമായിരുന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. എവിടെയുമെത്തില്ല എന്ന നിലയിൽ നിന്നും പ്ലേഓഫിലേക്കെത്തുകയും ചെയ്തു ആ ടീം. വരാനിരിക്കുന്ന ഐപിഎല്ലിലും വലിയ പ്രതീക്ഷകളോടെ തന്നെയായിരിക്കും ആർസിബി ഇറങ്ങുക എന്നുറപ്പാണ്. വരാനിരിക്കുന്ന സീസണിലെങ്കിലും ഐപിഎല്ലിൽ കന്നി കിരീടം ലക്ഷ്യം വെച്ചായിരിക്കും ആർസിബിയുടെ മുന്നൊരുക്കങ്ങൾ.
വരാനിരിക്കുന്ന ഐ പി എൽ മെഗാതാരലേലത്തിൽ ആർസിബി നിലനിർത്താൻ സാധ്യതയുള്ള താരങ്ങളേതൊക്കെയെന്ന് നോക്കാം.
1- വിരാട് കോഹ്ലി
2008 ഏപ്രിൽ 18 നാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ അരങ്ങേറിയത്. അന്ന് തൊട്ടിന്നോളം ആർസിബിയുടെ ജഴ്സിയിലല്ലാതെ വിരാട് കളിച്ചിട്ടില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസടിച്ചെടുത്ത താരമാണ് വിരാട്. അരങ്ങേറ്റസീസൺ തൊട്ട് ഒരേയൊരു ടീമിൽ മാത്രമായി കളിച്ച ഏകതാരവും വിരാട് കോഹ്ലിയാണ്. കഴിഞ്ഞ ഐപിഎല്ലിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ വിരാടിനെ ഇക്കുറിയും ആർസിബി നിലനിർത്തുമെന്ന കാര്യത്തിൽ നൂറു ശതമാനവും ഉറപ്പാണ്.
2- വിൽ ജാക്ക്സ്
കഴിഞ്ഞ ഐപിഎൽ എഡിഷനിൽ ആർസിബിയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ് വിൽ ജാക്ക്സ്. വരവിൽ തന്നെ തകർപ്പനടികളിലൂടെ തന്റെ സാന്നിധ്യം അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിൽ 41 പന്തിൽ സെഞ്ച്വറി നേടി എല്ലാവരേയും ഞെട്ടിച്ചിരുന്നു അദ്ദേഹം. പവർ പ്ലേയിലടക്കം പന്തെറിയാനുള്ള കഴിവ് കൂടിയുള്ളതിനാൽ മാക്സ്വെല്ലിനു പകരം വിൽ ജാക്സ് റീട്ടെയിൻ ചെയ്യപ്പെട്ടാൽ അതിൽ അത്ഭുതമില്ല.
3- മുഹമ്മദ് സിറാജ്
കഴിഞ്ഞ സീസണുകളിൽ ആർസിബിയുടെ പേസ് അറ്റാക്കിനെ നയിച്ചത് 30 കാരനായ സിറാജായിരുന്നു. സിറാജിൽ വലിയ രീതിയിൽ തന്നെ ഫ്രാഞ്ചൈസി വിശ്വാസമർപ്പിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലായി മികച്ച ഫോമിലാണ് സിറാജ്.
4- രജത് പട്ടീദാർ
കഴിഞ്ഞ സീസണിൽ ആർ സിബി ജഴ്സിയിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച താരമാണ് രജത് പട്ടീദാർ. 177.13 സ്ട്രൈക് റേറ്റിൽ 395 റൺസ് മധ്യനിരയിലിറങ്ങി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവി ക്യാപ്റ്റനായി പോലും അദ്ദേഹത്തെ എണ്ണുന്നവരുണ്ട്.
5- ഫാഫ് ഡു പ്ലെസിസ്
കഴിഞ്ഞ 3 സീസണുകളിലും ആർസിബിയെ നയിച്ച നായകനാണ് ഫാഫ്. രണ്ട് തവണ അദ്ദേഹത്തിനു കീഴിൽ ടീം പ്ലേ ഓഫിലെത്തുകയും ചെയ്തു. കഴിഞ്ഞ സീസണോടെ ഫാഫ് വിരമിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെയുമായി അദ്ദേഹം അങ്ങനെയൊരു അനൗൺസ്മെന്റ് നടത്തിയിട്ടേയില്ല. അതിനാൽ തന്നെ ക്യാപ്റ്റൻസി ഏൽപിക്കാൻ പാകത്തിലുള്ളവർ ടീമിലില്ലാത്തതിനാൽ 41 കാരനായ ഫാഫിനെ ടീം വീണ്ടും റീട്ടെയിൻ ചെയ്യുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.