
പാക് സൂപ്പർ താരം ബാബർ അസമിന്റെ മോശം ഫോം തുടരുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും നിരാശപ്പെടുത്തുകയായിരുന്നു ബാബർ അസം. ഇത്തവണ 31 റൺസെടുത്തു നിൽക്കുമ്പോൾ അദ്ദേഹം ഷാക്കിബിനു മുന്നിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബാബറിനെതിരെ ട്രോളുകളും സജീവമാണ്.
സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കപ്പെട്ട ബാബറിനെതിരായ ട്രോളുകളിലൊന്ന് ഇങ്ങനെയാണ്.
614 ദിവസമായി ബാബർ ഒരു സെഞ്ച്വറി കുറിച്ചിട്ട്. അതുപോലെ ബാബർ ടെസ്റ്റിൽ അർധശതകം തികച്ചിട്ടും ഏറെയായി. ബാബർ അവസാനമായി ടെസ്റ്റിൽ അർധശതകം കുറിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പേര് ട്വിറ്റർ എന്നായിരുന്നു. ഇന്ത്യയിൽ ബിജെപിയ്ക്ക് 300 ലേറെ ലോകസഭാസീറ്റുകളുണ്ടായിരുന്നു. വിരാട് കോഹ്ലിക്ക് 71 സെഞ്ച്വറികളുണ്ടായിരുന്നു. ഗുജറാത്തായിരുന്നു ഐപിഎൽ ചാംപ്യൻമാർ. ഇമ്രാൻ ഖാൻ ജയിൽവാസം തുടങ്ങിയിട്ടില്ല. ശിഖർ ധവാനും ഡേവിഡ് വാർണറും സജീവമായി ക്രിക്കറ്റ് മൈതാനങ്ങളിലുണ്ടായിരുന്നു. ഇംഗ്ലണ്ടായിരുന്നു ഏകദിന ടി20 ലോകചാംപ്യൻമാർ!
കഴിഞ്ഞ 15 ഇന്നിങ്സുകളിലുമായി ബാബറിന്റെ ടെസ്റ്റ് സ്കോർ ഇങ്ങനെയാണ്. 31, 220, 23, 26, 41, 1, 14, 21, 39, 24, 13،27، 24، 14. ഇത്രയും ഇന്നിങ്സുകളിലുമായി അദ്ദേഹത്തിന് ആകെ നേടാനായത് 320 റൺസ് മാത്രമാണ്. 41 ആണ് മികച്ച സ്കോർ.
പാക്കിസ്ഥാന്റെ സ്റ്റാർ ബാറ്ററായ ബാബറിനിതെന്ത് പറ്റി എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ചോദിക്കുന്നത്. റാവൽ പിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ബാബർ ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 22 റൺസിനാണ് പുറത്തായത്. പാക്കിസ്ഥാന്റെ തോൽവികളിൽ ഇതൊരു കാരണമാവുകയും ചെയ്തു.
വിരാട് കോഹ്ലിയേക്കാള് കേമനെന്ന് പാകിസ്താന് ആരാധകര് വിശേഷിപ്പിക്കുന്ന താരമാണ് ബാബർ അസം. 2015ല് സിംബാംബ്വെയ്ക്കെതിരെ അരങ്ങേറിയ ബാബര് അസം 9 വര്ഷം പിന്നിടുമ്പോള് പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ താരമായാണ് കണക്കാക്കുന്നത്. ഐസിസി ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ മുഹൂർത്തം. അന്ന് മൂന്നര വർഷത്തോളം വിരാട് കോഹ്ലി കയ്യടക്കി വെച്ചിരുന്ന ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് ബാബർ അസം അന്ന് കൈക്കലാക്കിയത്. 2017 ഓഗസ്റ്റിൽ ഒന്നാം റാങ്കിൽ എത്തിയ കോഹ്ലി 1,258 ദിവസങ്ങളോളം റാങ്കിങ്ങിൽ കാര്യമായ മറ്റ് വെല്ലുവിളികൾ ഇല്ലാതെ തുടർന്നിരുന്നു. എന്നാൽ ഇക്കാലത്തെല്ലാം മികച്ച പ്രകടനത്തിലൂടെ ബാബർ അസമിന് കോഹ്ലിയുമായുളള പോയിന്റ് വ്യത്യാസം കുറക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹം അന്ന് ഒന്നാം റാങ്കിലെത്തിയപ്പോൾ 18 വർഷത്തിന് ശേഷമായിരുന്നു പാകിസ്ഥാനിൽ നിന്നും ഒരു താരത്തിന് ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമത് എത്താൻ കഴിഞ്ഞത്. ആ സമയത്തായിരുന്നു കൂടുതലും വിരാടുമായി താരതമ്യം ചെയ്തുള്ള ചർച്ചകളൊക്കെയും സജീവമായത്. എന്നാൽ നിലവിലെ ഫോം ഔട്ടോടെ കടുത്ത വിമർശനവും ട്രോളുകളുമാണ് ബാബർ അസമിനെതിരെ ഉയർന്നു വരുന്നത്.