'സ്കൂള് ലെവല് ക്രിക്കറ്റർ', ടെസ്റ്റ് ഫിഫ്റ്റി അടിച്ചിട്ട് 616 ദിവസം; ബാബറിന് വീണ്ടും ട്രോള് മഴ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും ആരാധകരെ നിരാശപ്പെടുത്തിയതോടെ ബാബറിനെതിരെയുള്ള ട്രോളുകള് കൊണ്ട് നിറയുകയാണ് സോഷ്യല് മീഡിയ

dot image

പാകിസ്താന്റെ സ്റ്റാര് ബാറ്റര് ബാബര് അസം നിരാശപ്പെടുത്തുന്നത് തുടരുകയാണ്. ബംഗ്ലാദേശിനെതിരെ പോലും മോശം പ്രകടനമാണ് ബാബറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ബംഗ്ലാദേശിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും മുന് പാക് നായകന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

റാവല്പിണ്ടിയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില് 77 പന്തില് നിന്ന് 31 റണ്സ് മാത്രം നേടിയ ബാബര് രണ്ടാം ഇന്നിങ്സില് 18 പന്തില് 11 റണ്സിന് പുറത്തായി. ആദ്യ ടെസ്റ്റില് ബാബര് ആദ്യ ഇന്നിങ്സില് പൂജ്യനായി മടങ്ങിയപ്പോള് രണ്ടാം ഇന്നിങ്സില് 22 റണ്സിനാണ് പുറത്തായത്. അഞ്ചാം ദിനം ബംഗ്ലാദേശ് പേസറായ നാഹിദ് റാണയുടെ പന്തില് പുറത്താവുകയായിരുന്നു ബാബര്.

രണ്ടാം ടെസ്റ്റിലും ആരാധകരെ നിരാശപ്പെടുത്തിയതോടെ ബാബറിനെതിരെയുള്ള ട്രോളുകള് കൊണ്ട് നിറയുകയാണ് സോഷ്യല് മീഡിയ. ടെസ്റ്റ് ക്രിക്കറ്റില് ബാബര് ഒരു അര്ദ്ധ സെഞ്ച്വറി നേടിയിട്ട് 616 ദിവസമായിരിക്കുന്നുവെന്നാണ് സോഷ്യല് മീഡിയയുടെ കണ്ടെത്തല്. ബാബര് അസം ഒരു സ്കൂള് തല ക്രിക്കറ്ററായി താഴ്ന്നുവെന്നും താരം ആഭ്യന്തര ക്രിക്കറ്റ് മാത്രം കളിക്കണമെന്നുമാണ് ചില ആരാധകരുടെ പോസ്റ്റ്.

അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില് ചരിത്രപരമായ നാണക്കേടിലേക്ക് കൂപ്പുകുത്തുകയാണ് പാകിസ്താന്. പാകിസ്താന്റെ മണ്ണില് ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടം കുറിക്കാന് ബംഗ്ലാദേശിന് ഇനി വെറും 143 റണ്സ് മാത്രമാണ് വേണ്ടത്. രണ്ടാം ടെസ്റ്റില് 185 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം മഴയെ തുടര്ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള് വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്സെടുത്തിരിക്കുകയാണ്. 31 റണ്സെടുത്ത് സാകിര് ഹസനും ഒമ്പത് റണ്സുമായി ഷദ്മാന് ഇസ്ലാമുമാണ് ക്രീസില്.

ചരിത്രം 143 റണ്സ് അകലെ; പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശ് വിജയത്തിലേക്ക്

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് മത്സരം വിജയിച്ചത്. രണ്ടാം ടെസ്റ്റും പരാജയപ്പെട്ടാൽ സ്വന്തം മണ്ണിൽ പാകിസ്താൻ ബംഗ്ലാദേശിനെതിരെ പരമ്പര തോൽവി നേരിടും. അത് ഒഴിവാക്കാൻ ഇനി ബൗളിംഗ് സംഘത്തിലാണ് പാകിസ്താന്റെ ഏക പ്രതീക്ഷ.

dot image
To advertise here,contact us
dot image