ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ വീണ്ടും തകർന്നിരിക്കുകയാണ് പാക്കിസ്ഥാന്റെ ബാറ്റിങ് നിര. രണ്ടാം ഇന്നിങ്സിൽ 12 റൺസിന്റെ ലീഡുമായി ഇറങ്ങിയ പാക്കിസ്ഥാന്റെ പ്രധാനപ്പെട്ട 6 വിക്കറ്റുകൾ ഇതിനകം നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിൽ 88 റൺസെടുക്കുമ്പോഴേക്കും ആണ് പാക്കിസ്ഥാന്റെ 6 വിക്കറ്റുകൾ വീണിരിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാന്റെ മുൻ നിര ബാറ്റർമാരായ ആസാദ് ഷഫീഖ് 3 റൺസുമായും സയിം അയൂബ് 20 റൺസുമായും ക്യാപ്റ്റൻ ഷാൻ മസൂദ് 28 റൺസുമായും സൗദ് ഷക്കീൽ 2 റൺസുമായും സ്റ്റാർ ബാറ്ററായ ബാബർ അസം 11 റൺസുമായിട്ടാണ് പുറത്തായത്. ഇതോടെ രണ്ടാം ടെസ്റ്റിലും പരാജയമുഖത്ത് നിൽക്കുകയാണ് പാക്കിസ്ഥാൻ. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 274 റൺസിന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 262 റൺസാണ് ആദ്യ ഇന്നിങ്സിലെടുത്തത്. ലിട്ടൻ ദാസിന്റെ സെഞ്ച്വറിയും മെഹിദി ഹസ്സന്റെ അർദ്ധ സെഞ്ച്വറിയുമാണ് ബംഗ്ലാദേശിനെ വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത്. മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ തന്നെ പാകിസ്താന്റെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ മൂന്നാം ദിനം രാവിലെ കടുത്ത ബാറ്റിംഗ് തകർച്ചയാണ് ബംഗ്ലാദേശ് ബാറ്റർമാർ നേരിട്ടത്. സ്കോർബോർഡിൽ 26 റൺസ് ചേർക്കുന്നതിനിടെ ബംഗ്ലാദേശിന് ആറ് വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് ഫോളോ ഓൺ ഭീഷണി വരെ നേരിട്ടിരുന്നു. എന്നാൽ ലിട്ടൻ ദാസും മെഹിദി ഹസ്സനും ക്രീസിൽ ഒത്തുചേർന്നതോടെ കഥ മാറി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 155 റൺസാണ് കൂട്ടിച്ചേർത്തത്.
228 പന്തുകൾ നേരിട്ട് 13 ഫോറും നാല് സിക്സും സഹിതം 138 റൺസെടുത്ത ലിട്ടൻ ദാസ് ഒമ്പതാമാനായാണ് പുറത്തായത്. അപ്പോഴേയ്ക്കും ബംഗ്ലാദേശ് സ്കോർ 262ൽ എത്തിയിരുന്നു. 124 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 78 റൺസെടുത്ത മെഹിദി ഹസ്സനും ബംഗ്ലാദേശ് ഇന്നിംഗ്സിൽ വലിയ സംഭാവന നൽകി.