കഴിഞ്ഞ ദിനങ്ങളിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് അകാലവിരമിക്കലുകൾ ഉണ്ടായത്. രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് കുറിച്ച ബരീന്ദർ സ്രാൻ, രണ്ടേ രണ്ട് മത്സരങ്ങളുടെ മാത്രം അനുഭവസമ്പത്തുമായി വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നു ഒന്ന്. മറ്റൊന്ന് ഇന്ത്യക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ച്വറി തികച്ച ആസ്ട്രേലിയൻ ഓപണിങ് ബാറ്റർ വില് പുകോവ്സ്കിയുടെ വിരാമം. 26-ാം വയസിലാണ് പുകോസ്കി ക്രിക്കറ്റിനോട് വിട പറയുന്നത്. തുടർച്ചയായി തലക്ക് പന്തേറ് കിട്ടുകയും തലകറക്കവും സ്ഥിരമായതോടെയാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിടപറയാനുള്ള തീരുമാനമെടുത്തത് എന്നാണ് വിശദീകരണം.
ഇതിൽ ബരീന്ദർ സ്രാനിനെക്കുറിച്ച് പറയുകയാണെങ്കിൽ, രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു ട്വന്റി20 മത്സരങ്ങൾക്കു പുറമേ ആറ് ഏകദിനങ്ങളും മാത്രം കളിച്ചാണ് 31കാരനായ ബരീന്ദർ സ്രാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വന്റി20 അരങ്ങേറ്റത്തിൽ നേരത്തെ പറഞ്ഞതുപോലെ സിംബാബ്വെയ്ക്കെതിരെ നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത സ്രാനിന്റെ പ്രകടനമാണ്, ഇന്നും അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം. ഏകദിനത്തിൽ ആറു മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റും ട്വന്റി20യിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റുമാണ് ബരീന്ദർ സ്രാനിന്റെ സമ്പാദ്യം. 2016 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടന്ന ഏകദിന മത്സരത്തിൽ ആണ് സ്രാൻ അരങ്ങേറ്റം കുറിച്ചത്. '2009ൽ ഇവിടേക്ക് എത്തിപ്പെട്ടതു മുതൽ, ക്രിക്കറ്റ് എനിക്കു സമ്മാനിച്ചിട്ടുള്ള അനുഭവങ്ങൾ അവിസ്മരണീയമാണ്. എന്റെ രാജ്യാന്തര കരിയർ തീരെ ഹ്രസ്വമായിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ഓർമകൾ എക്കാലവും എന്റെ മനസ്സിലുണ്ടാകു'മെന്നാണ് സ്രാൻ വിരമിക്കൽ തീരുമാനം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇനി അപ്പുറം വിൽ പുകോവ്സ്കിയെക്കുറിച്ച് പറയുകയാണെങ്കിൽ, ആസ്ട്രേലിയയുടെ ഭാവി വാഗ്ദാനമാകാൻ കെൽപ്പുള്ള താരമായിരുന്നു പുകോവ്സ്കി. ഡേവിഡ് വാർണർക്കു ശേഷം ഓസീസ് ടെസ്റ്റ് ടീമിന്റെ ഓപണറാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ട താരമായിരുന്നു. എന്നാൽ തലക്ക് തുടർച്ചയായി ഏറ് കിട്ടിയത് തന്റെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്ന് കണ്ടെത്തിയിട്ടായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
2017-ലായിരുന്നു പുകോവ്സ്കിയുടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം, പിന്നാലെ രണ്ട് ഇരട്ട സെഞ്ചുറികള് ഉള്പ്പെടെ മികച്ച പ്രകടനങ്ങളോടെ അദ്ദേഹം സീനിയര് ടീമിലെത്താന് കഴിവുള്ള താരമെന്ന പേര് സമ്പാദിച്ചിരുന്നു. പുകോവ്സ്കിയുടെ അരങ്ങേറ്റത്തിനും പ്രത്യേകതകളുണ്ടായിരുന്നു. 3 വർഷം മുമ്പ് ഇന്ത്യക്കെതിരേ സിഡ്നിയില് നടന്ന ടെസ്റ്റില് ഓസീസിനായി അരങ്ങേറി ആദ്യ ഇന്നിങ്സില് നവദീപ് സെയ്നിയുടെ പന്തിൽ പുറത്താവുന്നതിനു മുമ്പ് ഫിഫ്റ്റിയടിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില് അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചത്.
പുകോവ്സ്കി എന്ന പേരിലെ കൗതുകം തിരഞ്ഞുപോവുമ്പോഴും നമ്മൾ അത്ഭുതപ്പെടും. ചെക്കോസ്ലൊവാക്യൻ വേരുകളുള്ള പ്യുകോസ്കിയുടെ പിതാവായ ജേൻ സെർബിയയിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. പല കാലങ്ങളിലായി ഇങ്ങനെ പല രാജ്യങ്ങളിൽ നിന്നും കുടിയേറി മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകളിലെത്തി അവിടുത്തെ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചവർ പലരുണ്ട്. ഓസീസ് ടീമിലാണെങ്കിൽ ഉസ്മാൻ ഖ്വാജയെപ്പോലുള്ളവർ. ഇംഗ്ലീഷ് ടീമിലാണെങ്കിൽ, ബെൻ സ്റ്റോക്സ്, മൊയീൻ അലി, ആദിൽ റഷീദ്, ജോഫ്ര അർച്ചർ തുടങ്ങിയവർ. ന്യൂസിലാണ്ടിലാണെങ്കിൽ അജാസ് പട്ടേലിനെപ്പോലുള്ളവർ. ക്രിക്കറ്റിന് നല്ല വേരുകളുള്ള രാജ്യത്തിൽ നിന്ന് മറ്റു രാജ്യങ്ങളിൽ കുടിയേറി അവരുടെ ടീമുകളിൽ ഇടം പിടിച്ചവർ. അവരിൽ നിന്ന് വ്യത്യസ്തമായി ക്രിക്കറ്റിന് പ്രത്യേകിച്ച് ഇടമില്ലാത്ത ചെക്കോസ്ലൊവാക്യയൻ വേരുകളുമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വിൽ പുകോസ്കി വരുന്നത്.
2016-17 സീസണിൽ അണ്ടർ 19 നാഷണൽ ചാംപ്യൻഷിപ്പിൽ തുടർച്ചയായി നാലുസെഞ്ച്വറികൾ നേടിയപ്പോഴാണ് പുകോവ്സ്കി ശ്രദ്ധ പിടിച്ചുപറ്റുന്നത്. അന്ന് ആ സീരീസിൽ 8 ഇന്നിങ്സുകളിൽ നിന്നും വിൽ നേടിയത് 650 റൺസാണ്. 2018 ഓക്ടോബറിൽ വാക്കയിൽ വെച്ച് വെസ്റ്റേൺ ആസ്ട്രേലിയക്ക് എതിരെ വിക്ടോറിയക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടുമ്പോൾ ഡീൻ ജോൺസിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമനായി മാറിയിരുന്നു ഒരു ഘട്ടത്തിൽ പുകോവ്സ്കി. എന്നാൽ ആ സമയത്ത് തന്നെ മാനസികാരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുകോവ്സ്കി ക്രിക്കറ്റിൽ നിന്നും താൽക്കാലികമായി താൻ വിട്ടു നിൽക്കുകയാണെന്നും പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന പുകോവ്സ്കി 2019- 20 സീസണായപ്പോഴേക്കും ഓസീസിലെ വളർന്നു വരുന്ന യുവ താരങ്ങളിൽ നോട്ടബിളായ 6 പേരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.
2021ൽ ഇന്ത്യക്കെതിരെ സിഡ്നിയിൽ വെച്ച് നടന്ന മത്സരമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. മത്സരത്തിൽ 62 റൺസ് തികയ്ക്കുകയുണ്ടായി. അതിനു ശേഷം അടുത്ത ടെസ്റ്റിനു മുമ്പായി പരിക്കു മൂലം പുറത്താവുന്നു. ആ സമയത്ത് തന്നെ തുടർച്ചയായി ബൗൺസറുകൾ നേരിടുന്നതിലെ അദ്ദേഹത്തിന്റെ ബലഹീനത ചർച്ചയായിരുന്നു. അതിനും 3 വർഷത്തിനു ശേഷം 2024 മാര്ച്ചില് ഷെഫീല്ഡ് ഷീല്ഡ് മത്സരത്തിനിടെ ഫാസ്റ്റ് ബൗളര് റൈലി മെറെഡിത്തിന്റെ പന്ത് ഹെല്മറ്റിലിടിച്ചാണ് പുകോവ്സ്കിക്ക് അടുത്തിടെ പരിക്കേൽക്കുന്നത്. ഇതോടെ ലെസ്റ്റര്ഷെയറുമായുള്ള കരാര് തന്നെ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടതായി വരുന്നു. ഇപ്പോൾ ഇതാ അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നും എന്നെന്നേക്കുമായുള്ള വിരമിക്കലും. ഏതായാലും ഇങ്ങനെയുള്ള വിരമിക്കലോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് രണ്ട് പ്രതിഭകളെയാണ്. ഒരാൾക്ക് പരിക്കാണ് വിനയായതെങ്കിൽ, മറ്റൊരാൾക്ക് വിനയായി മാറിയത് അവസരങ്ങളുടെ അഭാവവും.