കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തില് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാന്ഡ്രം റോയല്സിന് ആവേശ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റണ്ണിനാണ് ട്രിവാന്ഡ്രം വീഴ്ത്തിയത്. മഴ പലതവണ തടസ്സപ്പെടുത്തിയ പോരാട്ടത്തില് വിജെഡി നിയമപ്രകാരമായിരുന്നു വിജയിയെ തീരുമാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറില് 122 റണ്സിന് ഓള് ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങില് ട്രിവാന്ഡ്രം റോയല്സ് 14.1 ഓവറില് 83 റണ്സിന് അഞ്ച് വിക്കറ്റെന്ന നിലയില് നില്ക്കെ മഴമൂലം മത്സരം നിര്ത്തിവെക്കുകയായിരുന്നു. വിജെഡി നിയമപ്രകാരം ജയിക്കാന് വേണ്ട സ്കോറിനേക്കാള് ഒരു റണ്സ് അധികമെടുത്താണ് റോയല്സ് വിജയം പിടിച്ചെടുത്തത്. ട്രിവാന്ഡ്രം റോയല്സിനു വേണ്ടി ക്യാപ്റ്റന് അബ്ദുൽ ബാസിത് നാല് ഓവറില് 12 റണ്സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ക്യാപ്റ്റന്റെ ഇന്നിങ്സുമായി അസ്ഹറുദ്ദീന്; കെ സി എല്ലിൽതൃശൂരിനെ വീഴ്ത്തി ആലപ്പി തുടങ്ങിമത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്കുവേണ്ടി ഓപ്പണര് ജോബിന് ജോബിക്കു മാത്രമാണ് മികച്ച പ്രകടനം നടത്താൻ സാധിച്ചത്. 34 പന്തുകൾ നേരിട്ട താരം 48 റൺസെടുത്തു പുറത്തായി. തുടക്കത്തിൽ തന്നെ കൊച്ചി ബാറ്റർമാരായ ആനന്ദ് കൃഷ്ണനെയും ഷോൺ റോജറേയും വീഴ്ത്താൻ ട്രിവാൻഡ്രം ബൗളർമാർക്ക് സാധിച്ചു.
എന്നാൽ ഒരു വശത്ത് ജോബിൻ ജോബി ക്രീസിലുറച്ചുനിന്ന് സ്കോർ ഉയർത്തി. പിന്നീട് വന്ന കൊച്ചി ബാറ്റർമാർക്ക് ആർക്കും തന്നെ ക്രീസിൽ മികവ് പുലർത്താൻ സാധിച്ചില്ല. മാത്രമല്ല ട്രിവാൻഡ്രം ക്യാപ്റ്റൻ അബ്ദുൾ ബാസിത് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതോടെ കൊച്ചിക്ക് അടിപതറി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്ഡ്രം റോയല്സിന് ആദ്യ ഓവറില് തന്നെ വിക്കറ്റ് നഷ്ടമായി. വിഷ്ണു രാജിനെ ആദ്യ ഓവറിലെ മൂന്നാം പന്തില് തന്നെ ബേസില് തമ്പി പുറത്താക്കി.
ട്രിവാൻഡ്രം റോയൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിൽ നിൽക്കവെയാണ് മഴയെ തുടർന്ന് കളി അവസാനിപ്പിക്കുന്നത്. പിന്നീട് റൺ റേറ്റ് പരിഗണിച്ചാണ് ട്രിവാൻഡ്രം റോയൽസ് ഒരു റണ്ണിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ബേസിൽ തമ്പി മൂന്ന് ഓവറിൽ 10 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രിവാൻഡ്രം റോയൽസിന് വേണ്ടി ജോഫിൻ ജോസ് 19 പന്തിൽ നിന്ന് 22 റൺസ് അടിച്ചെടുത്തു. ഗോവിന്ദ് പൈ 29 പന്തിൽ പുറത്താകാതെ 24 റൺസെടുത്തു.