ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടത്തിപ്പിനെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായ അഭിപ്രായപ്രകടനവുമായി ഓസീസ് സ്റ്റാർ സ്പിന്നർ നതാൻ ലിയോൺ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ വേദി ഏതെന്ന് വെളിപ്പെടുത്തിയത്. ഇത്തവണയും ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ട് തന്നെയാണ്. അടുത്തവര്ഷം ജൂണ് 11 മുതല് 15 വരെ ക്രിക്കറ്റിന്റെ മെക്കയായ ലോര്ഡ്സാണ് ലോക ടെസറ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 16ന് ഫൈനലിന്റെ റിസര്വ് ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഐസിസി വ്യത്യസ്തസമീപനം സ്വീകരിക്കണമെന്നും മൂന്ന് മത്സരങ്ങൾ അടങ്ങിയ സീരീസായി ഫൈനൽ നടത്തണമെന്നുമാണ് ലിയോൺ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരമുള്ള ഒരു സീരീസായി നടത്തണം. ഒറ്റമത്സരമുള്ള ഫൈനൽ എന്നു പറയുമ്പോൾ, ചിലപ്പോൾ ഒരു മോശം സെഷൻ പോലും ടീമുകളുടെ പരാജയത്തിനിടയാക്കും. ഒരു തിരിച്ചുവരവിന് പലപ്പോഴും അവസരം കിട്ടണമെന്നില്ല. എന്നാൽ മൂന്ന് ടെസ്റ്റുകളുള്ള ഫൈനൽ സീരീസാണെങ്കിൽ ഇരുടീമുകൾക്കും അവരുടെ ശക്തിക്കൊത്ത പ്രകടനം കാഴ്ചവെക്കാം. നതാൻ ലിയോൺ പറയുന്നതിങ്ങനെ.
നവംബറിൽ ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നടക്കാനിരിക്കുകയാണ്. ഇത്തവണയും ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയന്റ് ടേബിളില് നിലവില് മുന്നില് നില്ക്കുന്നത്. ഒമ്പത് ടെസ്റ്റുകളില് ആറ് ജയവും രണ്ട് തോല്വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.52 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. അടുത്ത മാസം ന്യൂസിലന്ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലും നവംബറിലും ഡിസംബറിലുമായി ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സര ബോർഡർ ഗവാസ്കർ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.
12 ടെസ്റ്റുകളില് എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്വിയുമുള്ള ഓസ്ട്രേലിയ 90 പോയന്റും 62.50 വിജയശതമാനവുമായി ഇന്ത്യക്ക് പിന്നില് രണ്ടാം സ്ഥാനത്താണ്.