സ്കോട്ട്ലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഓസ്ട്രേലിയയ്ക്ക് 70 റൺസ് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. സെഞ്ച്വറി നേടിയ ജോഷ് ഇൻഗ്ലീസ് ആണ് ഓസീസിനെ രക്ഷിച്ചത്. മറുപടി പറഞ്ഞ സ്കോട്ട്ലാൻഡ് 126 റൺസിൽ എല്ലാവരും പുറത്തായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഓസീസ് ആദ്യം ബാറ്റിങ്ങിനിറങ്ങി. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡ് ഇത്തവണ റൺസെടുക്കും മുമ്പെ പുറത്തായി. ജെയ്ക് ഫ്രെയ്സർ മക്ഗർഗ് 16 റൺസുമായി പിന്നാലെ മടങ്ങി. മൂന്നാമനായി ക്രീസിലെത്തി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ ജോഷ് ഇൻഗ്ലീസിന്റെ ബാറ്റിംഗിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങിയത്. 49 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സുമടക്കം 103 റൺസാണ് ഇൻഗ്ലീസ് അടിച്ചുകൂട്ടിയത്.
കാമറൂൺ ഗ്രീൻ 36 റൺസെടുത്ത് പുറത്തായി. 20 റൺസെടുത്ത് പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയിൻസും 17 റൺസുമായി പുറത്താകാതെ നിന്ന ടിം ഡേവിഡും നിർണായക സംഭാവന നൽകി. ജെയ്ക് ഫ്രെയ്സർ മക്ഗർഗിന് 16 റൺസ് മാത്രമാണ് നേടാനായത്. സ്കോട്ട്ലാൻഡിനായി ബ്രാഡ് ക്യൂറി മൂന്ന് വിക്കറ്റുകളെടുത്തു.
അബ്ദുൾ ബാസിതിന് അതിവേഗ അർധ സെഞ്ച്വറി; അഞ്ച് വിക്കറ്റ് ജയത്തോടെ ട്രിവാൻഡ്രം റോയൽസ്മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലാൻഡിനായി ബ്രണ്ടൻ മക്മുല്ലൻ 59 റൺസെടുത്തു ടോപ് സ്കോററായി. 19 റൺസെടുത്ത ജോർജ് മുൻസെയാണ് സ്കോട്ടീഷ് നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ഓസ്ട്രേലിയയ്ക്കായി മാർക്കസ് സ്റ്റോയിനിസ് നാല് വിക്കറ്റെടുത്തു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ 2-0ത്തിന് സ്വന്തമാക്കി.