ഔദ്യോഗിക മത്സരങ്ങളിലായി പുരുഷഫുട്ബോളർമാരുടെ ചരിത്രത്തിൽ ആദ്യമായി 900 ഗോളുകൾ നേടുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രൊയേഷ്യയ്ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോ ഈ നാഴികക്കല്ല് കുറിച്ചത്.
പോർച്ചുഗൽ 2- 1 ന് ജയിച്ച മത്സരത്തിൽ മുപ്പത്തിനാലാമത്തെ മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. 'ഇതെന്നെ സംബന്ധിച്ചിടത്തോളും വളരെ വലിയൊരു നേട്ടമാണ്. ഏറെക്കാലമായി ഇങ്ങനെയൊരു നേട്ടം നേടാൻ പരിശ്രമിക്കുന്നുണ്ട്. ഇതെനിക്ക് നേടാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇനി എന്റെ ലക്ഷ്യം 1000 ഗോളുകളാണ്. പരിക്കുകളൊന്നുമലട്ടിയില്ലെങ്കിൽ ഞാൻ അതും നേടും.' റൊണാൾഡോ മത്സരശേഷം തന്റെ യൂട്യൂബ് ചാനലിൽ റിയോ ഫെർഡിനാൻഡിന് നൽകിയ അഭിമുഖത്തിൽ ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.
ഈ ഗോളടി നേട്ടത്തോടെ 5 തവണ ബാലൻ ദി ഓർ പുരസ്കാരജേതാവായ റൊണാൾഡോ തന്റെ പ്രധാന എതിരാളിയായ ലയണൽ മെസിയേക്കാൾ 58 ഗോളിന് മുന്നിൽ നിൽക്കുകയാണ്. മെസിയ്ക്ക് 842 ഗോളുകളാണ് ഉള്ളത്. മൂന്നാമതുള്ള ബ്രസീലിയൻ ഇതിഹാസം പെലെ കരിയറിൽ നേടിയത് 765 ഗോളുകളാണ്.
2021 ലായിരുന്നു റൊണാൾഡോ 800 ഗോൾ എന്ന കടമ്പ കടക്കുന്നത്. ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമായിരുന്നു റൊണാൾഡോ. പോർച്ചുഗലിനായി 209 മത്സരങ്ങളിൽ നിന്നായി 131 ഗോളുകളാണ് റൊണാൾഡോ ഇതുവരെയായി നേടിയിട്ടുള്ളത്.