ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അപ്രതീക്ഷിത തകർച്ചയെ നേരിട്ട ഇന്ത്യ ബിയ്ക്കായി രക്ഷകനായി മാറിയത് ഇന്ത്യൻ ടെസ്റ്റ് താരം സർഫറാസ് ഖാന്റെ അനുജനായ മുഷീർ ഖാനായിരുന്നു. രണ്ടാം സെഷനിൽ 94 റൺസിൽ എത്തിയപ്പോഴേയ്ക്കും ഇന്ത്യ ബിയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി പരുങ്ങലിലായ ടീമിനെ സെഞ്ച്വറിയുമായി കൈ പിടിച്ചുയർത്തുകയായിരുന്നു മുഷീർ ഖാൻ. നവദീപ് സൈനിയ്ക്കൊപ്പം പടുകൂറ്റൻ പാർട്ണർഷിപ്പുണ്ടാക്കിയ മുഷീർ രണ്ടാം ദിനം ടീമിന്റെ സ്കോർ 275 കടത്തിയിരിക്കുയാണ്. ഇതിൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 162 റൺസും പിറന്നിരിക്കുന്നത് മുഷീറിന്റെ ബാറ്റിൽ നിന്നാണ്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ, ഇന്ത്യ ബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഭിമന്യു ഈശ്വർ 13, യശസ്വി ജയ്സ്വാൾ 30 എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായത്. എന്നാൽ രണ്ടാം സെഷനിൽ ഇന്ത്യ ബി കൂട്ടത്തകർച്ചയെ നേരിടുകയായിരുന്നു. സർഫ്രാസ് ഖാൻ ഒമ്പത്, റിഷഭ് പന്ത് ഏഴ്, നിതീഷ് കുമാർ റെഡ്ഡി പൂജ്യം, വാഷിംഗ്ടൺ സുന്ദർ പൂജ്യം, സായി കിഷോർ ഒന്ന് എന്നിങ്ങനെ റൺസുമായി വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാൽ പിന്നീടാണ് മുഷീറും സെയ്നിയും ഒത്തു ചേർന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും.
19കാരനായ മുഷീര് ദുലീപ് ട്രോഫിക്ക് മുമ്പ് രഞ്ജി ട്രോഫിയിലും തകര്പ്പന് പ്രകടനം പുറത്തെടുത്തിരുന്നു. ക്വാര്ട്ടര് ഫൈനലില് ഇരട്ട സെഞ്ചുറി നേടിയ താരം സെമി ഫൈനലില് അര്ധ സെഞ്ചുറിയും സ്വന്തമാക്കി. ഫൈനലില് മുംബൈക്ക് വേണ്ടി സെഞ്ചുറി നേടാനും മുഷീറിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ സെഞ്ചുറി പ്രകടനത്തോടെ സെലക്ടർമാർക്കു മുന്നിൽ തന്റെ പേരും അടയാളപ്പെടുത്തിയിരിക്കുകയാണ് മുഷീർ.
ചേട്ടൻ സർഫറാസ് അരങ്ങേറ്റ ടെസ്റ്റിൽ 2 ഫിഫ്റ്റികളുമായി കളം നിറഞ്ഞ സമയത്തായിരുന്നു അണ്ടർ 19 ലോകകപ്പിലെ മിന്നിത്തിളങ്ങിയ താരമായ മുഷീർ ഖാൻ രഞ്ജി ഫൈനലിൽ സെഞ്ച്വറി നേടിയിരുന്നത്. അതോടെ അപൂർവ്വമായൊരു റെക്കോർഡ് അണ് മുഷീർ രഞ്ജിയിൽ മറികടന്നത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ 29 വർഷം മുൻപ് കുറിച്ച നേട്ടമാണ് യുവതാരം അന്ന് സ്വന്തം പേരിലാക്കിയത്. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 19 കാരൻ മാറിയത്. തന്റെ 21ാം വയസ്സിലായിരുന്നു മുംബൈയ്ക്കായി സച്ചിന് സെഞ്ച്വറി നേടിയത്.
നേരത്തെ അണ്ടര് 19 ലോകകപ്പിലും മുഷീര് ഖാന് തകര്പ്പന് പ്രകടനം പുറത്തെടുത്തിരുന്നു. അണ്ടര് 19 ലോകകപ്പില് ഇന്ത്യക്കായി ഏഴ് കളികളില് 60 റണ്സ് ശരാശരിയിലും 98 സ്ട്രൈക്ക് റേറ്റിലും 390 റണ്സടിച്ച മുഷീര് രണ്ട് സെഞ്ചുറിയും ഒരു അര്ധസെഞ്ചുറിയും നേടിയിരുന്നു. ടൂര്ണമെന്റിലെ രണ്ടാമത്തെ ഉയര്ന്ന റണ്വേട്ടക്കാരനുമായിരുന്നു മുഷീർ.