ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്ന ആരാധകൻ തങ്ങളുടെ സൂപ്പർ താരത്തിന്റെ കാലിൽ വീണ് തങ്ങളുടെ ആരാധന കാണിക്കുന്ന രംഗങ്ങൾ പൊതുവെ ധോണിയുടെയും സച്ചിന്റെയുമല്ലാം കാര്യത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇവരൊക്കെ ഗ്രൗണ്ടിൽ ബാറ്റ് ചെയ്യുമ്പോൾ സെക്യൂരിറ്റിയുടെ കണ്ണും വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറുന്ന ആരാധകർ തങ്ങളുടെ പ്രിയതാരത്തെ കെട്ടിപ്പിടിച്ചും കൂടെ നിന്ന് സെൽഫിയെടുത്തുമല്ലാം ആഘോഷിക്കുന്നത് പല വട്ടം വൈറൽ വീഡിയോകളായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനിടെയും അങ്ങനെയൊരു രംഗം ഉണ്ടായതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഇത്തവണ ആരാധനാപാത്രം ധോണിയുടെ പിൻഗാമിയും ചെന്നൈ സൂപ്പർ കിങ്സിന്റെ നിലവിലെ നായകനുമായ റിതുരാജ് ഗെയ്ക് വാദാണ്.
A fan touched the feet of Captain Ruturaj Gaikwad during the Duleep Trophy match. 🌟
— Johns. (@CricCrazyJohns) September 6, 2024
- The Craze for Rutu...!!!!! pic.twitter.com/YgRjI9OHII
ദുലീപ് ട്രോഫിയിൽ ഇന്ത്യ സി യും ഇന്ത്യ ഡിയും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു സംഭവം. അനന്തപുറിലെ ആർഡിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു കാണികളിലൊരാൾ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണും വെട്ടിച്ച് വന്ന് ഇന്ത്യ സിയുടെ നായകനായ ഗെയ്ക് വാദിന്റെ കാലിലേക്ക് വീഴുന്നത്. ഫീൽഡ് ചെയ്യുന്നതിനിടെ കാലിൽ തൊട്ടുകൊണ്ട് ആരാധന പ്രകടിപ്പിച്ച താരത്തെ റുതുരാജും സ്വതസിദ്ധമായ ശൈലിയിൽ സ്വീകരിക്കുകയും അയാൾക്ക് ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തു. മുൻ കാലങ്ങളിൽ തന്റെ ആരാധനാപാത്രമായ ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി ചെയ്യുന്നത് പോലെ തന്നെ.
ഇതിനു ശേഷം ധോണിയുടെ യഥാർഥപിൻഗാമി തന്നെയാണ് ഗെയ്ക് വാദ് എന്ന രീതിയിലാണ് ഇപ്പോൾ ഫാൻസിനിടയിലെ ചർച്ചകൾ. ധോണിയുടെ പ്രിയശിഷ്യനായ ഗെയ്ക് വാദ് വരും വർഷങ്ങളിൽ ധോണിയുടെ പിൻഗാമിയായി ചെന്നൈയുടെ നായകനായതു പോലെ ഇന്ത്യയുടെയും നായകനാവുമെന്നാണ് ആരാധകർ ഇപ്പോൾ ഈ രംഗങ്ങൾ ഷെയർ ചെയ്തുകൊണ്ട് പറയുന്നത്. 30 രാജ്യാന്തരമത്സരങ്ങളുടെ പോലും പരിചയമില്ലാത്ത ഒരു താരത്തിന് ഇത്രയും വലിയൊരു ആരാധകപിന്തുണ കിട്ടുന്നത് അപൂർവമാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
2020 ഐ പി എല്ലിലാണ് ഗെയ്ക് വാദ് സി എസ് കെയ്ക്കായി അരങ്ങേറുന്നത്. അതിനു ശേഷമുള്ള സീസണുകളിലെല്ലാം ചെന്നെയുടെ വിജയക്കുതിപ്പിന് നിർണായകപങ്ക് വഹിച്ച താരമാണ് ഗെയ്ക് വാദ്. നാല് വർഷങ്ങൾക്കു ശേഷം ധോണി തന്റെ പിൻഗാമിയായി എണ്ണിക്കൊണ്ട് ക്യാപ്റ്റൻസി ഏൽപിച്ചതും റിതുരാജിനായിരുന്നു. കഴിഞ്ഞ സീസണിൽ റിതുരാജിന്റെ കീഴിൽ അഞ്ചാമതായാണ് സി എസ് കെ ഐപിഎൽ ക്യാംപയിൻ അവസാനിപ്പിച്ചത്.