ദുലീപ് ട്രോഫിയിൽ കഴിഞ്ഞ ദിനം പേസർ ആകാശ് ദീപിന്റെ ഒരോവറിൽ ഇന്ത്യയുടെ പുതിയ മധ്യനിരബാറ്റർ സർഫറാസ് ഖാൻ അടിച്ചുകൂട്ടിയത് 5 ബൗണ്ടറികളായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞുകൊണ്ടിരുന്ന ആകാശ് ദീപിനെതിരെ സ്ട്രോക് പ്ലേയുടെ സകല ആത്മവിശ്വാസവും ചേർത്തുള്ള ബൗണ്ടറികളായിരുന്നു സർഫറാസ് നേടിയത്. സോഷ്യൽ മീഡിയയിൽ ഈ രംഗങ്ങളുടെ വീഡിയോ വൈറലാവുകയും ചെയ്തു.
Sarfaraz Khan smashed 5 consecutive fours in an over against Akash Deep. 🫡 pic.twitter.com/cBG8OZIvKi
— Mufaddal Vohra (@mufaddal_vohra) September 7, 2024
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തിയ സർഫറാസ് രണ്ടാം ഇന്നിങ്സിലാണ് ആകാശ് ദീപിനെതിരെ കത്തിക്കയറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ ക്ലാസ് ഷോട്ടുകളിലൂടെ അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ചു.
നേരത്തെ ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ ടീമിനെ സർഫറാസിന്റെ അനുജനായ മുഷീർ ഖാന്റെ 181 റൺസാണ് രക്ഷിച്ചെടുത്തത്. ഈ സെഞ്ച്വറി ഇന്നിങ്സോടെ ഇന്ത്യ ബി 321 റൺസാണ് ഒന്നാം ഇന്നിങ്സിൽ എടുത്തത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ എ 231 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബിയ്ക്കായി സർഫറാസും പന്തും മാത്രമാണ് മികച്ച രീതിയിൽ കളിച്ചത്. മറ്റുള്ളവരൊക്കെയും നിരാശപ്പെടുത്തിയതോടെ 184 റൺസിനാണ് അവർ പുറത്തായത്. മറുപടിയിൽ ഇന്ത്യ എ യുടെ 2 വിക്കറ്റുകൾ 59 റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ടിരിക്കുകയാണ്.
സർഫറാസിൽ നിന്ന് തല്ല് വാങ്ങിയെങ്കിലും ആകാശ് ദീപ് തന്നെയാണ് മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞത്. രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകളാണ് ആകാശ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 56 റൺസ് വഴങ്ങി ആയിരുന്നു അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയത്.