വിശ്വസിക്കാമോ, ദുലീപ് ട്രോഫിയിൽ ഇംഗ്ലീഷ് നായകനായിരുന്ന കെവിൻ പീറ്റേഴ്സണും കളിച്ചിട്ടുണ്ട്!

കെവിൻ പീറ്റേഴ്സൺ തന്നെയാണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.

dot image

വിശ്വസിക്കാമോ, ഇന്ത്യയിലെ ആഭ്യന്തരസർക്കിളിലെ ഏറ്റവും പേരു കേട്ട ടൂർണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയിൽ ഇംഗ്ലണ്ടിന്റെ ഒരു കാലത്തെ സ്റ്റാർ ബാറ്ററും മുൻ നായകനുമായ കെവിൻ പീറ്റേഴ്സനും കളിക്കാനിറങ്ങിയിട്ടുണ്ട്! പീറ്റേഴ്സൺ തന്നെയാണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഒരു നൊസ്റ്റാൾജിക് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പീറ്റേഴ്സൺ തന്റെ ദുലീപ് ട്രോഫി അനുഭവങ്ങൾ പങ്കുവെച്ചത്.

2003-04 കാലഘട്ടത്തിലായിരുന്നു അത്. ആ സമയത്ത് ഇംഗ്ലണ്ടിന്റെ സീനിയർ ടീമിൽ പീറ്റേഴ്സൺ എത്തിയിരുന്നില്ല. ആ സമയത്ത് ദുലീപ് ട്രോഫിയിൽ ഒരു അതിഥി ടീമിനെ കൂടി ഉൾപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ഇംഗ്ലണ്ട് എ ടീമിൽ അംഗമായിരുന്ന കെവിൻ പീറ്റേഴ്സണും ദുലീപ് ട്രോഫിയിൽ കളിക്കാനിറങ്ങിയത്.

അന്ന് ഇംഗ്ലീഷ് സ്പിന്നറായ ജെയിംസ് ട്രെഡ്വെൽ നയിച്ച ഇംഗ്ലണ്ട് എ ടീമിലെ അംഗമായിരുന്നു പീറ്റേഴ്സൺ. പീറ്റേഴ്സൺ തന്റെ 20 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്. 'ഇന്ത്യ 2004! ഞാൻ ദുലീപ് ട്രോഫിയിൽ മാറ്റുരച്ച സമയം. ഇന്ത്യയ്ക്കു മുന്നിലും ഇന്ത്യൻ ബോളേഴ്സിന്റെ മുന്നിലും ഞാൻ ആദ്യമായി വീണുതുടങ്ങിയ സമയം!'

അന്ന് പീറ്റേഴ്സൺ ആ ദുലീപ് ട്രോഫി ടൂർണമെന്റിൽ മികച്ച രീതിയിൽ തന്നെയാണ് റൺസ് അടിച്ചുകൂട്ടിയത്. നാല് ഇന്നിങ്സുകളിലുമായി 345 റൺസ് അദ്ദേഹം നേടുകയുണ്ടായി. അതിൽ സൗത്ത് സോണിനും ഈസ്റ്റ് സോണിനുമെതിരെ നേടിയ ഓരോ സെഞ്ച്വറികളും പെടും. പീറ്റേഴ്സന്റെ മിന്നും പ്രകടനമുണ്ടായെങ്കിലും ഒരു മത്സരത്തിലും വിജയിക്കാൻ കഴിയാതെ പോയ ഇംഗ്ലീഷ് നിരയ്ക്ക് അന്ന് ഫൈനലിലും എത്താനായില്ല. കൗതുകകരമായ കാര്യങ്ങളിലൊന്ന് ഈസ്റ്റ് സോണിനെതിരെയുള്ള മത്സരത്തിൽ പീറ്റേഴ്സന്റെ എതിർടീമിൽ ഇതിഹാസ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുമുണ്ടായിരുന്നു എന്നതാണ്!

അതിനും ഒന്നര വർഷങ്ങൾക്കു ശേഷം 2005 ജൂലൈ 21 നാണ് ലോർഡിൽ ആഷസ് ട്രോഫിയിൽ പീറ്റേഴ്സൺ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറുന്നത്. ആ ആഷസിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് പീറ്റേഴ്സണായിരുന്നു. 5 മത്സരങ്ങളിൽ നിന്നായി 473 റൺസ്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഓസീസിൽ നിന്നും ആഷസ് കിരീടം അന്ന് മൈക്കൽ വോണിന്റെ കീഴിൽ ഇംഗ്ലണ്ട് നിര തിരിച്ചുപിടിക്കുമ്പോൾ ടീമിന്റെ ആണിക്കല്ലായിരുന്നു പീറ്റേഴ്സൺ.

dot image
To advertise here,contact us
dot image