ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗൗതം ഗംഭീറിന് പകരം മെന്റർ സ്ഥാനത്തേയ്ക്ക് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസിനെ എത്തിക്കാൻ ശ്രമവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ഗൗതം ഗംഭീറായിരുന്നു ടീം മെന്റർ. എന്നാൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഗംഭീറിന് പകരക്കാരനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ചാമ്പ്യന്മാരാകുമ്പോൾ ജാക് കാലിസ് ഷാരൂഖ് ഖാന്റെ ടീമിന്റെ ഭാഗമായിരുന്നു. 2015ൽ കൊൽക്കത്തയുടെ താൽക്കാലിക പരിശീലകനായി കാലിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര തുടങ്ങിയവരുടെ പേരും ടീമിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് കൊൽക്കത്ത പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ക്രൊയേഷ്യയെ ലോകഫുട്ബോളിൽ അടയാളപ്പെടുത്തിയ കരിയർ; ലൂക്ക മോഡ്രിച്ചിന് പിറന്നാൾഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും താരമായിരുന്നു, മുമ്പ് കാലിസ്. 2008 മുതൽ 2014 വരെയുള്ള കരിയറിൽ 98 മത്സരങ്ങളിൽ നിന്ന് 2427 റൺസ് കാലിസ് അടിച്ചുകൂട്ടി. കാലിസിന്റെ പേരിൽ 68 വിക്കറ്റുകളുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി 500ലധികം മത്സരങ്ങൾ കാലിസ് കളിച്ചിട്ടുണ്ട്. 25,000ത്തിന് മുകളിൽ റൺസും 550ലധികം വിക്കറ്റുകളും ദക്ഷിണാഫ്രിക്കൻ ഇതിഹാസം കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.