ന്യുസിലാൻഡ് - അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളും മഴമൂലം തടസപ്പെട്ടതിൽ അതൃപ്തി അറിയിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 'ഇനിയൊരിക്കലും ഇങ്ങോട്ട് വരില്ല. ഇവിടെ നൽകിയിരിക്കുന്ന സൗകര്യങ്ങളിൽ അതൃപ്തരാണ്. ഉത്തർപ്രദേശ് ക്രിക്കറ്റ് അധികൃതരുമായി അഫ്ഗാൻ ക്രിക്കറ്റ് ഒഫിഷ്യലുകൾ സംസാരിച്ചിരുന്നു. എല്ലാം കൃത്യമായി ചെയ്യുന്നുവെന്ന് അവർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ യാതൊരു സംവിധാനവും ഇവിടെ ഇല്ലെന്നെതാണ് വസ്തുത.' അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ.
ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിൽ ഏക ടെസ്റ്റ് പരമ്പരയുടെ ആദ്യ രണ്ട് ദിവസങ്ങളും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ടോസ് പോലും ഇതുവരെ ഇടാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിന് മുമ്പായി ഇരുടീമുകൾക്കും പരിശീലനം നടത്താനും കഴിഞ്ഞിരുന്നില്ല. ആദ്യ ദിവസം മത്സരം നടത്താൻ കഴിയുമായിരുന്നെങ്കിലും തലേദിവസം പെയ്ത മഴയെ തുടർന്ന് ഗ്രൗണ്ട് ഉണക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. ഗ്രൗണ്ട് ഉണക്കാനുള്ള ആധുനിക സംവിധാനങ്ങൾ ഇല്ലാതിരുന്നതും മികച്ച ഗ്രൗണ്ട് സ്റ്റാഫുകളുടെ കുറവുമാണ് മത്സര നടത്തിപ്പിന് തന്നെ പ്രതിസന്ധിയായത്.
അമ്പയർ സംഘം നിരവധി തവണ ഓരോ ദിവസവും ഗ്രൗണ്ട് പരിശോധിച്ചിരുന്നു. ഗ്രൗണ്ട് മത്സരയോഗ്യമല്ലെന്നാണ് അമ്പയർ സംഘം വിലയിരുത്തിയത്. ഒന്നാം ദിവസത്തിനിടയിൽ തെളിഞ്ഞ കാലവസ്ഥ ഉണ്ടായതോടെ ന്യുസിലാൻഡ് താരങ്ങൾ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാൻ പരിശീലകൻ ജൊനാഥൻ ട്രോട്ട് ഉൾപ്പടെയുള്ളവർ നോയിഡയിൽ ഉണ്ടായ അസൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.