റിങ്കുവിന്റെ തല്ല് കൊണ്ടു, പിന്നെ വിഷാദകാലം; ശേഷം ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ ടീമിലേക്ക്, ഇത് യാഷ് സ്റ്റോറി

ഒരോവറിൽ അഞ്ചു സിക്സറുകളുമായി റിങ്കു സിങ് അന്ന് താരമായപ്പോൾ അവിടെ തകർന്നുപോയത് യാഷ് ദയാൽ എന്ന യുവ പേസറുടെ കരിയർ കൂടിയായിരുന്നു.

dot image

2023 ഏപ്രില്‍ ഒമ്പതാം തിയ്യതിയിൽ നിന്നും 2024 സെപ്തംബർ ഒമ്പത് വരെയുള്ള ദൂരം യാഷ് ദയാലിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെറുതായിരിക്കില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ മത്സരമായിരുന്നു 2023 ഏപ്രിൽ ഒമ്പതിന് രാത്രിയിൽ നടന്നത്. ഒരോവറിൽ അഞ്ചു സിക്സറുകളുമായി റിങ്കു സിങ് അന്ന് താരമായപ്പോൾ അവിടെ തകർന്നുപോയത് യാഷ് ദയാൽ എന്ന യുവ പേസറുടെ കരിയർ കൂടിയായിരുന്നു.

വിജയിക്കാൻ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് 29 റൺസ് വേണ്ടിടത്തായിരുന്നു യാഷ് ദയാൽ അഞ്ച് സിക്സറുകൾ വിട്ടുകൊടുത്തത്. അതിനു ശേഷം സീസണില്‍ ഗുജറാത്ത് നിരയില്‍ യാഷ് അധികം കളിച്ചില്ല. 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് യാഷിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആ സംഭവത്തിന് ശേഷം 'തല്ലുകൊള്ളി' എന്ന് പേര് കേട്ട യാഷ് ദയാൽ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ട്രോളബിൾ കഥാപാത്രമായി മാറി.

ശാരീരികമായും മനസികമായും ഏറെ തളർന്ന യാഷ് പിന്നീട് കടുത്ത വിഷാദരോഗത്തിനടിമപ്പെട്ടു. ആ കാലയളവിൽ 8 കിലോ വരെ ശരീര ഭാരം കുറഞ്ഞതായി താരം തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിലൂടെ പോയിരുന്ന സ്‌കൂൾ ബസിലെ കുട്ടികള്‍ വരെ റിങ്കു സിങ്ങിന്റെ പേരുവിളിച്ച് കളിയാക്കുമായിരുന്നുവെന്ന് യാഷിന്റെ പിതാവ് ചന്ദര്‍പാല്‍ ദയാല്‍ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു, ആ സമയം.

ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഒഴിവാക്കപ്പെട്ട യാഷ് പക്ഷെ ആർസിബിയിലൂടെ ഐപിഎല്ലിൽ വീണ്ടും തിരിച്ചെത്തി. ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ഡെത്ത് ഓവറുകളിലേക്കും താരം തിരിച്ചെത്തി. പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ചു. കഴിഞ്ഞ 24 കളികളില്‍ നിന്നായി വീഴ്ത്തിയത് 76 വിക്കറ്റുകള്‍ ആണ്!

കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി 15 വിക്കറ്റുകളും നേടി. ശേഷം ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ 'ബി' ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. കരിയർ കഴിഞ്ഞെന്ന് കരുതിയ സമയത്ത് ആർസിബിയിൽ നിന്നും വന്ന വിളിയാണ് തനിക്ക് പുനർ ജന്മം നൽകിയതെന്ന് യാഷ് ഇപ്പോൾ പറയുന്നു. തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന യാഷിന്റെ ഈ നിശ്ചയ ദാർഢ്യം തന്നെയാണ് ടീമിലേക്ക് വിളിക്കാൻ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കറിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും പ്രേരിപ്പിച്ചത്.

dot image
To advertise here,contact us
dot image