ശ്രീലങ്കൻ ക്രിക്കറ്റിൽ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ പല കാലത്തായി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിനം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് വിജയം ആ ലിസ്റ്റിലെ അവസാനത്തേതായിരുന്നു. അവരുടെ നിലവിലെ കോച്ചായ ഇതിഹാസതാരം സനത് ജയസൂര്യയെ സംബന്ധിച്ചിടത്തോളം അതൊരു മധുരമായ ചരിത്രത്തിന്റെ ആവർത്തനം കൂടിയായിരുന്നു. 1998 ൽ ഗലെയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രവിജയവുമായി ജയസൂര്യ വിജയത്തിന്റെ ആവേശത്തിൽ ഈ ടെസ്റ്റ് വിജയത്തെ എടുത്തുവെക്കുകയും ചെയ്തു.
അന്നത്തെ ഗലെ ടെസ്റ്റിൽ ജയസൂര്യ തന്നെയായിരുന്നു ഇംഗ്ലീഷ് നിരയെ തകർക്കുന്നതിൽ നിർണായകപങ്ക് വഹിച്ചത്. അന്ന് ആ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 278 പന്തിൽ 213 റൺസാണ് ജയസൂര്യ അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ വിജയത്തിനു ശേഷം ജയസൂര്യ ഇ എസ് പി എന്നിനോട് മനസ് തുറന്നത് ഇങ്ങനെയാണ്. 'ഏതാണ്ടൊരു 27 വർഷത്തിനു മുമ്പ് ഞങ്ങളിവിടെ അർജുന രണതുംഗയുടെ കീഴിൽ വിജയിച്ചിരുന്നു. അന്ന് മുരളി 16 വിക്കറ്റെടുത്തു. ഞാൻ ഡബിൾ സെഞ്ച്വറി നേടി. ഡിസിൽവെ 150 റൺസ് നേടി. അതിനാൽ തന്നെ ഓവൽ എന്ന ഈ ഇടം എനിക്കൊരിക്കലും മറക്കാനാവില്ല. ഇത്തവണ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. എങ്കിലും ഞങ്ങൾ നന്നായി കളിച്ചു. ജയിച്ചുകയറുകയും ചെയ്തു.'
ഓപണർ പതും നിസംഗയുടെ അപരാജിത സെഞ്ച്വറിയിൽ ആണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്ക വിജയം നേടിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ വെറും 34 ഓവറിൽ 156 റൺസിന് ഇംഗ്ലീഷ് പടയെ പുറത്താക്കിയ ശ്രീലങ്ക 94-1 എന്ന നിലയിലാണ് നാലാം ദിനം തുടങ്ങിയത്. തൻ്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയോടെ നിസംഗ തിളങ്ങിയപ്പോൾ ശ്രീലങ്ക 40.3 ഓവറിൽ 219 എന്ന വിജയ ലക്ഷ്യം കടന്നു. 13 ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്‌സ്. ഇംഗ്ലീഷ് മണ്ണിൽ ശ്രീലങ്കയുടെ നാലാമത് ടെസ്റ്റ് വിജയം കൂടിയാണ് ഇത്.