ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബി ടീമിൽ ഇടം പിടിച്ച് ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗ്. യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് എന്നിവർ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതോടെയാണ് റിങ്കുവിന് അവസരമൊരുങ്ങുന്നത്. ഇന്ത്യ എ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ എൽ രാഹുൽ, ധ്രുവ് ജുറേൽ, കുൽദീപ് യാദവ്, ആകാശ് ദീപ് തുടങ്ങിയ താരങ്ങളും ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ടിന് ഉണ്ടാകുകയില്ല.
ഗില്ലിന് പകരമായി മായങ്ക് അഗർവാൾ ഇന്ത്യ എയുടെ നായകനാകും. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടെങ്കിലും സർഫറാസ് ഖാൻ ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ടിൽ കളിക്കും. സെപ്റ്റംബർ 12 മുതൽ 16 വരെയാണ് ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ട് നടക്കുക. ഇതിന് പിന്നാലെ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസ് ചേരും.
റെയിൽവേസിന്റെ പ്രഥം സിംഗാണ് ഗില്ലിന് പകരമായി ഇന്ത്യ എ ടീമിലേക്ക് എത്തുക. അക്ഷയ് വഡേക്കർ രാഹുലിന് പകരവും എസ് കെ റഷീദ് ധ്രുവ് ജുറേലിന് പകരവും ഇന്ത്യ എയുടെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യ സി ടീമിന് മാറ്റങ്ങളില്ല. ഇന്ത്യ ഡിയുടെ ടീമിൽ അക്സർ പട്ടേലിന് പകരമായി നിഷാന്ത് സിന്ധു ഇടം പിടിച്ചു.