അഫ്ഗാനിസ്താന്‍-ന്യൂസീലാന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിവസവും ഒരു പന്ത് പോലുമെറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ ഒരുക്കിയ വേദിയും താരങ്ങൾക്കൊരുക്കിയ സൗകര്യങ്ങളും വിവാദത്തിലാവുകയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയമാണ് വിവാദത്തിലായിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് മത്സരമാണ് ഇവിടെ നടക്കുന്നത്.
ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്താനില്‍ കളിക്കാന്‍ ന്യൂസിലാൻഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. ആദ്യ ദിനം മഴ പെയ്തതോടെ പിച്ചും ഔട്ട്ഫീല്‍ഡും മത്സരത്തിന് അനുയോജ്യമല്ലായിരുന്നു. ഗ്രൗണ്ട് ഉണക്കാന്‍ പെഡസ്റ്റല്‍ ഫാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. മഴ പെയ്യാതിരുന്ന രണ്ടാം ദിവസം പോലും ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ സ്റ്റാഫിന് സാധിച്ചില്ല. ഇതിനിടെ ഇതിലും സൗകര്യങ്ങളുള്ള സ്റ്റേഡിയം അഫ്ഗാനിസ്താനിലുണ്ടെന്ന് അഫ്ഗാന്‍ അധികൃതർ മാധ്യമങ്ങളോട് പ്രതികരിക്കുക കൂടി ചെയ്തതോടെ ഗ്രേറ്റര്‍ നോയിഡ അധികാരികള്‍ പ്രതിക്കൂട്ടിലായി.
താരങ്ങൾക്ക് ഉൾപ്പെടെ ഭക്ഷണമെത്തിക്കാൻ ഉപയോഗിച്ച പാത്രങ്ങൾ വാഷ്റൂമിൽ വച്ച് കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദത്തിലായി.
എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐക്ക് ഉത്തരവാദിത്തമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമോ കാണ്‍പുരിലെ ഗ്രീന്‍ പാര്‍ക്കോ തിരഞ്ഞെടുക്കാമെന്ന് ബിസിസിഐ അഫ്ഗാനെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഏറെ പരിചിതവും താരതമ്യേന ചെലവുകുറഞ്ഞതുമായ ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തിരഞ്ഞെടുത്തത് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. 2019 മുതല്‍ ബിസിസിഐ ആഭ്യന്തര മത്സരങ്ങള്‍ക്കു പോലും ഉപയോഗിക്കാത്ത വേദി കൂടിയാണ് ഇത്.