കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന് 52 റൺസ് തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. താരതമ്യേന ചെറിയ ലക്ഷ്യമായിരിന്നിട്ടും അദാനി ട്രിവാന്‍ഡ്രം റോയല്‍സ് 73 റൺസിൽ എല്ലാവരും പുറത്തായി. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അക്ഷയ് ചന്ദ്രനാണ് ആലപ്പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ആലപ്പി ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെടുകയായിരുന്നു. 23 പന്തില്‍നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെട 34 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദീനും 40 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത കൃഷ്ണപ്രസാദുമാണ് ആലപ്പിക്കായി ഭേദപ്പെട്ട പോരാട്ടം കാഴ്ചവെച്ചത്. അവസാന ഓവറുകളിൽ അതുല്‍ ഡയമണ്ഡും 15 പന്തില്‍ 22 റണ്‍സ് നേടിയത് ആലപ്പിയുടെ സ്കോർ 125ലെത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കി. 18 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഹരികൃഷ്ണൻ മാത്രമാണ് അൽപ്പമെങ്കിലും സമയം ക്രീസിൽ ചിലവഴിച്ചത്. ഒടുവിൽ 16.5 ഓവറിൽ 73 റൺസിൽ എത്തിയപ്പോഴേയ്ക്കും ട്രിവാൻഡ്രത്തിന്റെ മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെട്ടു.