ഇന്ത്യൻ പേസർ ജസ്പ്രിത് ബുംമ്രയുടെ ഒരു അഭിപ്രായത്തിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ. ഒരു ചടങ്ങിൽ പങ്കെടുക്കവേ തനിക്ക് നേരെ വന്ന ഒരു ചോദ്യത്തിന് ബുംമ്ര നൽകിയ രസകരമായ ഉത്തരമാണ് ചർച്ചയായത്. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റസ്റ്റായിട്ടുള്ള ക്രിക്കറ്റർ ആരാണ് എന്നായിരുന്നു ബുംമ്രയോടുള്ള ചോദ്യം. ഇതിന് ബുംമ്ര പറഞ്ഞ മറുപടി ഇങ്ങനെ. ഈ ചോദ്യത്തിന് നിങ്ങളൊക്കെയും പ്രതീക്ഷിക്കുന്ന ഒരു ഉത്തരമുണ്ട്. പക്ഷേ, ഞാനിതിന് ഒരു പേസ് ബോളറുടെ പേരേ പറയുകയുള്ളൂ!
'നിങ്ങൾ സെർച്ച് ചെയ്യുന്ന ഒരു ഉത്തരമുണ്ടാവാം. പക്ഷേ, ഈ ചോദ്യത്തിന് ഞാൻ എന്റെ പേരാണ് ഉത്തരമായി പറയുക. ഞാൻ കുറച്ചുകാലമായി കളിക്കുന്നുണ്ട്. ഒരു ഫാസ്റ്റ് ബോളറായി രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറെ പ്രയത്നം ആവശ്യമുണ്ട്. അതിനാൽ ഈ ചോദ്യത്തിന് ഞാൻ ഒരു പേസ് ബോളറെ മാത്രമേ പ്രമോട്ട് ചെയ്യുകയുള്ളൂ.' ബുംമ്ര തന്റെ മറുപടി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
ഇതിനു ശേഷമാണ് കായികക്ഷമതയുടെ പേരിൽ ഏവരും ഉദാഹരണമായി കാണാറഉള്ള വിരാട് കോഹ്ലിയേയും ബുംമ്രയേയും താരതമ്യപ്പെടുത്തി ആരാധകർ രംഗത്തെത്തിയത്. ഇത്രയും കാലത്തെ കരിയറിൽ വളരെ അപൂർവമായി മാത്രമാണ് വിരാട് കോഹ്ലി പരിക്ക് കാരണം കളിക്കാതിരുന്നത്. എന്നാൽ ബുംമ്രയാവട്ടെ, കോഹ്ലിയെക്കാൾ ദൈർഘ്യം കുറഞ്ഞ കരിയറിനിടെ തന്നെ നിരവധി തവണ പരിക്ക് കാരണം ദീർഘകാലവും ഹ്രസ്വകാലവുമൊക്കെയായി കളത്തിനു പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകർ രംഗത്ത് വന്നത്. എന്നാൽ ഒരു ഫാസ്റ്റ് ബോളറുടെ അധ്വാനഭാരം ചൂണ്ടിക്കാട്ടി ബുംമ്ര പറഞ്ഞതിലും കാര്യമുണ്ടെന്ന് പറയുന്നവരുമുണ്ട്.