തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് നാല് വിക്കറ്റ് ജയം. 85 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ 17.5-ാം ഓവറില്‍ ആറുവിക്കറ്റിന് ലക്ഷ്യം കണ്ടു. തൃശ്ശൂരിനുവേണ്ടി 31 പന്തില്‍ പുറത്താകാതെ പികെ മിഥുന് 23 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയുടെ മുന്‍നിര മുതല്‍ വാലറ്റം വരെയുള്ള ബാറ്റര്‍മാര്‍ തൃശൂരിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ വേഗത്തില്‍ കീഴടങ്ങി. 26 പന്തില്‍ 28 റണ്‍സ് സ്വന്തമാക്കിയ ഓപ്പണര്‍ ആനന്ദകൃഷ്ണന് മാത്രമാണ് രണ്ടക്കം കടക്കാനായത്. തൃശ്ശൂരിന്റെ മുഹമ്മദ് ഇഷാക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ കൊച്ചി അടിപതറുന്ന കാഴ്ച്ചയാണ് കാര്യവട്ടത്ത് കണ്ടത്. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ഇഷാക്ക് പിഴുതത്. 17 ഓവറില്‍ 84 റണ്‍സിന് കൊച്ചിയുടെ ഇന്നിങ്സ് അവസാനിച്ചു.
85 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബേസില്‍ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തില്‍ അനസ് നസീറിന്റെയും വിക്കറ്റുകള്‍ തൃശൂരിന് നഷ്ടമായി. ഒന്നാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സ് എന്ന നിലയിലായി തൃശ്ശൂര്‍. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലായിരുന്നു തൃശ്ശൂർ. തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകാതെ പി മിഥുന് തൃശൂരിനെ വിജയത്തിലെത്തിച്ചു. തൃശ്ശൂരിന്റെ മുഹമ്മദ് ഇഷാക്ക് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.