ഇന്ത്യ ഡി യ്ക്ക് ഉപകാരപ്പെട്ടില്ല, എങ്കിലും ഈ സിക്സറുകൾ സഞ്ജുവിന് ​ഗുണമാവുമോ എന്ന് കണ്ടറിയണം!

ഇന്ത്യ ഡി പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ സിക്‌സുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

dot image

ദുലീപ് ട്രോഫിയിൽ ടി20 മോഡിൽ റൺസടിച്ച് കൂട്ടി സഞ്ജു സാംസൺ. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചാൻസ് കിട്ടിയില്ലെങ്കിലും വേണ്ട, ടി20 പരമ്പരയിൽ ചാൻസ് കിട്ടാനാണ് ഈ ശ്രമമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഈ ഇന്നിങ്സ് കണ്ട് പറയുന്നത്.

45 പന്തിൽ 40 റൺസാണ് സഞ്ജു ഇന്ത്യ ഡിയ്ക്കായി നേടിയത്. ഷംസ് മുലാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയ്ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 45 പന്തുകളില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടിയിരുന്നു. റിക്കി ഭുയിക്കൊപ്പം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഇന്ത്യ ഡി പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ സിക്‌സുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇത്രയും വലിയൊരു ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ ഡി 301 റൺസിന് എല്ലാവരും കൂടാരം കയറുകയായിരുന്നു.

സഞ്ജുവിന്റെ ഈ ഇന്നിങ്സ് കൊണ്ട് ഇന്ത്യ ഡി യ്ക്ക് കാര്യമായ ​ഗുണമൊന്നും കിട്ടിയില്ലെങ്കിലും വരാനിരിക്കുന്ന ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ പന്തിന് വിശ്രമം നൽകുകയാണെങ്കിൽ സഞ്ജുവിന് അവസരം നൽകാൻ ഈ ഇന്നിങ്സ് സഹായിച്ചേക്കുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ സഞ്ജുവിന് ടി20 ടീമിൽ അവസരം കിട്ടിയിരുന്നെങ്കിലും ലങ്കയ്ക്കെതിരായ ഇരട്ട ഡക്കുകളോടെയാണ് സഞ്ജുവിന്റെ നില പരുങ്ങലിലായത്.

dot image
To advertise here,contact us
dot image