കഴിഞ്ഞ ദിനം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ വൈറലായൊരു പ്രസ്താവനയായിരുന്നു ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിന്റേത്. ആഭ്യന്തരമത്സരങ്ങളിൽ വിരാട് കോഹ്ലി എനിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. അതു പോലെ ഇന്ന് ഇന്ത്യയ്ക്കായി കളിക്കുന്ന പല താരങ്ങളും എനിക്കൊപ്പം കളിച്ചിട്ടുണ്ട്! ഇതായിരുന്നു ആ പ്രസ്താവന. ഇതോടെ സോഷ്യൽ മീഡിയയിൽ ചിലർ ട്രോളുകളുമായി നിറഞ്ഞപ്പോൾ മറ്റു ചിലർ ഇതിന്റെ ചരിത്രം അന്വേഷിച്ച് യാത്ര പോവുകയും ചെയ്തു.
'ഞാൻ എന്ന ക്രിക്കറ്ററെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. വിരാട് കോഹ്ലി എന്റെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ട്. ആരെങ്കിലും അതിനെക്കുറിച്ച് പറയാറുണ്ടോ? ടീം ഇന്ത്യയിലെ പല കളിക്കാരും എന്റെ ബാച്ച് മേറ്റുകളാണ്. പരിക്ക് കാരണമാണ് എനിക്ക് ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നത്.' തേജസ്വി അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
തേജസ്വി പറഞ്ഞതു പോലെ അദ്ദേഹം ഒരു കാലത്ത് ആഭ്യന്തരമത്സരങ്ങളിൽ സജീവമായിരുന്നു. പക്ഷേ, ഒരു പാട് മത്സരങ്ങളൊന്നും കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ആഭ്യന്തരമത്സരങ്ങളിലും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ആഭ്യന്തരകരിയറിൽ 1 ഫസ്റ്റ് ക്ലാസ്, 2 ലിസ്റ്റ് എ, 4 ടി20 മത്സരങ്ങളിൽ പങ്കുചേരാനുള്ള ഭാഗ്യമേ ഉണ്ടായിട്ടുള്ളൂ. വിദർഭയ്ക്കെതിരെ 2009 ലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.
അധികമാരുമറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. 2008 മുതൽ 2012 വരെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു തേജസ്വി. പക്ഷേ, നിർഭാഗ്യവശാൽ ഈ നാലു കൊല്ലവും ഒരൊറ്റ മത്സരവും കളിക്കാൻ അവസരം കിട്ടാതെ ഡ്രെസിങ് റൂമിലിരിക്കാനായിരുന്നു വിധി.