ബംഗ്ലാദേശിനെ അങ്ങനെ എളുപ്പത്തിൽ എഴുതിത്തള്ളരുതെന്ന മുന്നറിയിപ്പുമായി മുൻ ഇതിഹാസ താരമായ സുനിൽ ഗവാസ്കർ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഇരട്ട ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഗവാസ്കറുടെ ഈ മുന്നറിയിപ്പ്. ഈയടത്ത് പാക്കിസ്ഥാനെതിരെ 2- 0 ത്തിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഉള്ളത്.
പല സമയങ്ങളിലും ഇന്ത്യയ്ക്ക് നിർണായകഷോക്ക് നൽകാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. 2007 ലെ ഏകദിന ലോകകപ്പ്, 2012 ലെ ഏഷ്യ കപ്പ്, 2015 ലെയും 2022 ലെയും ലിമിറ്റഡ് ഓവർ സീരീസുകളിലെ അപ്രതീക്ഷിതതോൽവികൾ തുടങ്ങിയവയെല്ലാം നമ്മുടെ മനസിലുണ്ട്. രണ്ട് വർഷം മുമ്പുണ്ടായിരുന്ന ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ ആദ്യടെസ്റ്റ് വിജയത്തിന്റെ അടുത്ത് വരെയെത്തിയിരുന്നെങ്കിലും ശ്രേയസ് അയ്യരും രവി ചന്ദ്ര അശ്വിനും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
'പാക്കിസ്ഥാനെ അവരുടെ മണ്ണിൽ തകർത്തതോടെ ബാംഗ്ലാദേശ് ശക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ഇന്ത്യയ്ക്കെതിരെയും അവർ മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. അവർക്ക് ഇപ്പോൾ അവരുടെ ടീമിൽ മികച്ച ചില യുവ സ്പിന്നർമാരുണ്ട്. എതിരാളികളെ ഭയക്കാത്ത കളിയാണ് അവർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനെ തകർക്കുന്നതിൽ നിർണായകപങ്ക് വഹിച്ചത് ഈ യുവനിരയാണ്.' ഗവാസ്കറുടെ നിരീക്ഷണം ഇങ്ങനെ.
നിലവിൽ ഇന്ത്യയാണ് വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 74 പോയിന്റുമായി മുന്നിലുള്ളത്. ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.