'ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ ഹർഷിത് റാണയെ ഇന്ത്യന്‍ ടീമിലെടുക്കണം'; കെകെആര്‍ താരത്തെ പിന്തുണച്ച് ഡികെ

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ചും ദിനേശ് കാര്‍ത്തിക് പ്രതികരിച്ചു

dot image

യുവപേസര്‍ ഹര്‍ഷിത് റാണയെ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഐപിഎല്‍ 2024 സീസണില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് ഹര്‍ഷിത്. 22കാരനായ താരത്തിന് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിപ്പിക്കണമെന്നുമാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.

'ഹര്‍ഷിത് റാണയ്ക്ക് പ്രത്യേകം കഴിവുകളുണ്ട്. പന്തിനെ നന്നായി ബാക്ക്‌സ്പിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. നല്ല കഴിവുകളുള്ള ഫാസ്റ്റ് ബൗളറാണ് ഹര്‍ഷിത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് ഉണ്ടായിരിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു', ദിനേശ് കാര്‍ത്തിക് പറഞ്ഞു. ക്രിക്ബസ്സിന്റെ പ്രത്യേക ഷോയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ചും ദിനേശ് കാര്‍ത്തിക് പ്രതികരിച്ചു. 'ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ ഞാന്‍ സംതൃപ്തനാണ്. എന്നാലും ടീമില്‍ ഹര്‍ഷിത്തിന് ഒരു അവസരം നല്‍കണമായിരുന്നു. ഹര്‍ഷിത് വളരെ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സവിശേഷമായ ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. പക്ഷേ ഇന്ത്യന്‍ ടീമില്‍ നാല് മികച്ച മീഡിയം പേസര്‍മാരുണ്ട്. മികച്ച ടീമാണ്', ഡികെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 13 മത്സരങ്ങളില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഹര്‍ഷിത്. ഈ വര്‍ഷമാദ്യം സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പര, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

dot image
To advertise here,contact us
dot image