അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏതാണ്ട് ഒരു വർഷമായി മാറിനിൽക്കുന്ന താരമാണ് ഇന്ത്യൻ യുവവിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ. ആഭ്യന്തരക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തെ നേരത്തെ ടീമിൽ നിന്ന് പുറത്താക്കുക മാത്രമല്ല, കരാറും ബിസിസിഐ റദ്ദാക്കിയിരുന്നു. അതിനു ശേഷം ഇഷാന് പരിക്കും പിടിപെട്ടു. എന്നാൽ പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ഊജ്വല ഫോമിലായിരുന്നു ഇഷാൻ. തന്നെ ഒഴിവാക്കിയ സെലക്ടർമാർക്കുള്ള മറുപടിയായി ഇതിനെ എണ്ണുന്നവരുമുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ദിനം പുറത്തുവിട്ട സോഷ്യൽ മീഡിയ കുറിപ്പ് കൂടി വായിക്കുമ്പോൾ.
പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയിരുന്നു. അനന്തപൂരില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തിലാണ് ഇന്ത്യ സി താരമായ ഇഷാന്‍ സെഞ്ചുറി നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത താരം 126 പന്തില്‍ 111 റണ്‍സാണ് നേടിയത്. മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. ഇപ്പോള്‍ ഇഷാന്‍ കിഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം 'അൺഫിനിഷ്ഡ് (പൂർത്തിയാകാത്ത) ബിസിനസ്സ്' എന്ന കുറിപ്പാണ് താരം പോസ്റ്റ് ചെയ്തത്. ഇത് സെലക്ടർമാർക്കെതിരെയാണ് എന്ന രീതിയിലാണ് ആരാധകരുടെ നിരീക്ഷണം. നേരത്തെ ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.
പരിക്ക് മാറിയ ഇഷാൻ അവസാനനിമിഷമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ സി യിൽ ഉൾപ്പെട്ടത്. 2023 നവംബറിലാണ് ഇന്ത്യൻ ജഴ്സിയിൽ അവസാനമായി ഇഷാൻ കിഷൻ കളിച്ചത്. 2023 സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായിരുന്ന ഇഷാൻ പരിക്ക് കാരണം പറഞ്ഞ് ടീമിൽ നിന്ന് വിട്ടുനിൽക്കുകയും പിന്നീട് ദുബായിൽ കൂട്ടുകാർക്കൊപ്പം പാർട്ടി നടത്തിയതുമാണ് വിവാദമായത്. ഇത് ബിസിസിഐയെ ചൊടിപ്പിക്കുകയും അവർ അച്ചടക്കനടപടികളെടുക്കുകയും ചെയ്യുകയായിരുന്നു.