ടെസ്റ്റ് ക്രിക്കറ്റിലെ കെ എൽ രാഹുലിന്റെ ബാറ്റിങ്ങിൽ പ്രതികരണവുമായി ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ. രാഹുലിന്റെ കഴിവിനെക്കുറിച്ച് എല്ലാവർക്കും ബോധ്യമുള്ളതാണ്. അതിനാൽ കൃത്യമായ ഒരു സന്ദേശം ഇന്ത്യൻ ടീം രാഹുലിന് നൽകിക്കഴിഞ്ഞു. എല്ലാ മത്സരങ്ങളിലും രാഹുലിന് കളിക്കാൻ കഴിയണം. ഏറ്റവും മികച്ച പ്രകടനം രാഹുലിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിക്കണം. രാഹുലിനായി മികച്ച പ്രകടനങ്ങൾക്ക് അവസരം ഒരുക്കുകയെന്നത് ഇന്ത്യൻ ടീമിന്റെ കടമയാണെന്ന് രോഹിത് ശർമ പറഞ്ഞു.
2023 ഡിസംബർ ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറിയനിൽ കെ എൽ രാഹുൽ സെഞ്ച്വറി നേടി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രാഹുൽ 80 റൺസിന് മുകളിൽ സ്കോർ ചെയ്തു. എന്നാൽ പിന്നീട് പരിക്കേറ്റ രാഹുൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറി. സ്പിന്നേഴ്സിനെതിരെ നന്നായി കളിക്കാൻ രാഹുലിന് കഴിയുന്നുണ്ട്. എന്നാൽ പേസർമാർക്കെതിരായ മോശം റെക്കോർഡിന് കാരണമെന്തെന്ന് മനസിലാകുന്നില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 50 ടെസ്റ്റുകൾ കളിച്ച രാഹുൽ 2,863 റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഈ 50 മത്സരങ്ങൾ കളിക്കാൻ രാഹുലിന് 10 വർഷം വേണ്ടിവന്നു. 2017ൽ ഇന്ത്യയ്ക്കായി ഒമ്പത് ടെസ്റ്റുകൾ കളിച്ച രാഹുൽ ഒമ്പത് അർധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. കരിയറിലാകെ 14 അർധ സെഞ്ച്വറികളും എട്ട് സെഞ്ച്വറികളും രാഹുലിന്റെ പേരിലുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 199 റൺസാണ് ടോപ് സ്കോർ.