ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 19 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. നിര്‍ണായക പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷനിടെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചെന്നൈയില്‍ പുരോഗമിക്കുന്ന നെറ്റ്‌സ് പരിശീലനത്തിനിടെ വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്‌വാളും തമ്മിലുണ്ടായ സംഭവമാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ രണ്ടാം ടെസ്റ്റ് സീസണിന് വേണ്ടി തയ്യാറെടുക്കുന്ന ജയ്‌സ്‌വാളിന് നെറ്റ്‌സില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുംറ പലവട്ടം ജയ്‌സ്‌വാളിന്റെ സ്റ്റംപ് തകര്‍ത്തെറിഞ്ഞു. ബുറംയ്ക്ക് പുറമെ നെറ്റ് ബൗളര്‍മാരും ജയ്‌സ്‌വാളിനെ ഏറെ ബുദ്ധിമുട്ടിച്ചു.
ഇതുകണ്ട മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി ജയ്‌സ്‌വാളിനെ സഹായിക്കാനായി രംഗത്തെത്തി. ജയ്‌സ്‌വാളുമായി സംസാരിച്ച കോഹ്‌ലി യുവതാരത്തിന് ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോഹ്‌ലിക്ക് പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും യുവതാരത്തിന് സഹായവുമായി രംഗത്തെത്തി.
രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ത്യ സെപ്റ്റംബര്‍ 19 മുതല്‍ തങ്ങളുടെ നീണ്ട ടെ ടെസ്റ്റ് സീസണിനിറങ്ങുകയാണ്. രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചതിന് ശേഷം ന്യൂസിലന്‍ഡിനെ മൂന്ന് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കും. പിന്നാലെ 2024- 25 ലെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.