പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി ഏരീസ് കൊല്ലം സെയിലേഴ്‌സ്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് കൊല്ലം കെസിഎല്‍ ചാമ്പ്യന്മാരായത്. കാലിക്കറ്റ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് പന്ത് ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്ലം എത്തിച്ചേർന്നു.
സെഞ്ച്വറിയടിച്ച് തിളങ്ങിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ് മികവിലാണ് കൊല്ലം വിജയത്തിലെത്തിയത്. സച്ചിന്‍ ബേബി 54 പന്തില്‍ പുറത്താവാതെ 105 റണ്‍സ് അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ എം അജിനാസ്, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ച്വറിയാണ് കാലിക്കറ്റിന് കരുത്തായത്. 24 പന്തില്‍ നാല് സിക്സും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് അടിച്ചെടുത്ത അജിനാസാണ് ഗ്ലോബ്സ്റ്റാര്‍സിന്റെ ടോപ് സ്‌കോറര്‍.
26 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും സഹിതം രോഹന്‍ കുന്നുമ്മല്‍ 51 റണ്‍സ് നേടി. 30 പന്തില്‍ മൂന്ന് സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സാണ് അഖില്‍ സ്‌കറിയ നേടിയത്. സല്‍മാന്‍ നിസാര്‍ (24), പള്ളം അന്‍ഫല്‍ (13*), ഒമര്‍ അബൂബക്കര്‍ (10), അഭിജിത്ത് പ്രവീണ്‍ (1) എന്നിങ്ങനെയാണ് മറ്റു താരഭങ്ങളുടെ പ്രകടനം. കൊല്ലം സെയിലേഴ്സിനായി അമല്‍ എ ജി, സുധേശന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പവന്‍ രാജ്, ബാസില്‍ എന്‍പി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മൂന്നാം ഓവറില്‍ ഓപ്പണര്‍ അരുണ്‍ പൗലോസിനെ (13) അഖില്‍ ദേവ് പുറത്താക്കി. എന്നാല്‍ വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അഭിഷേക് നായരെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ചു. അഞ്ചാം ഓവറില്‍ അഭിഷേകിനെ (25) നിഖില്‍ പുറത്താക്കി. പിന്നീടെത്തിയ വത്സല്‍ ഗോവിന്ദ് 27 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. സെഞ്ച്വറിയും കടന്ന് സച്ചിന്‍ ബേബി മുന്നോട്ടുകുതിച്ചതോടെ 19.1 ഓവറില്‍ കൊല്ലം വിജയലക്ഷ്യത്തിലെത്തി.