ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരിന്റെ ദുലീപ് ട്രോഫിയിലെ മോശം പ്രകടനവും ചർച്ചയാകുന്നു. ദുലീപ് ട്രോഫിയിൽ നാല് ഇന്നിംഗ്സുകൾ കളിച്ച ശ്രേയസ് 104 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. ഇത്തരത്തിലുള്ള പ്രകടനമാണ് തുടരുന്നതെങ്കിൽ ശ്രേയസ് അയ്യരിന് തുടർന്നും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടമുണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.
'ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രേയസിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നൽകാൻ കഴിയില്ല. പ്രത്യേകിച്ചും ദുലീപ് ട്രോഫിയിൽ ശ്രേയസിന്റെ ഷോട്ട് സെലക്ഷൻ മോശമായിരുന്നു. ഇന്ത്യ എയ്ക്കെതിരായ മത്സരത്തിൽ നന്നായി കളിച്ചുകൊണ്ടിരുന്ന ശ്രേയസ് അപ്രതീക്ഷിതമായി മോശം ഷോട്ട് കളിച്ച് പുറത്താകുന്നു. ബാറ്റിങ്ങിന് അനുകൂലമായിരുന്ന പിച്ചിൽ നന്നായി സ്കോർ ചെയ്യാൻ ശ്രേയസ് ശ്രമിക്കണമായിരുന്നു.' ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇപ്രകാരമാണ്.
അതിനിടെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ശ്രേയസ് അയ്യറുടെ സാന്നിധ്യം സംശയമാണെന്ന് ബിസിസിഐ സൂചന നൽകി. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പിൽ ശ്രേയസിനെ കളിപ്പിക്കണമെന്നാണ് ബിസിസിഐയുടെ താൽപ്പര്യം. ഒക്ടോബർ ആറ് മുതൽ 12 വരെയാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര നടക്കുക.
'ശ്രേയസ് അയ്യർ ഇറാനി ട്രോഫിയിൽ നന്നായി കളിച്ചില്ലെങ്കിൽ രഞ്ജി ട്രോഫിയിൽ പ്രകടനം മെച്ചപ്പെടുത്തണം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ നന്നായി കളിച്ച താരമാണ് ശ്രേയസ്. ഇപ്പോൾ എന്തുകൊണ്ട് അത്തരം പ്രകടനങ്ങൾ ഉണ്ടാകുന്നില്ല. ശ്രേയസിന് പരിക്കുകൾ ഉണ്ടായത് പരിഗണിക്കപ്പെടും. ദുലീപ് ട്രോഫിയിൽ ഒരു റൗണ്ട് മത്സരം കൂടിയുണ്ട്. ഒരു സെഞ്ച്വറി നേട്ടത്തോടെ തിരിച്ചുവരാൻ ശ്രേയസിന് കഴിയും. മറിച്ച് ഷോർട്ട് ബോളിലെ മോശം പ്രകടനം തുടരുകയാണെങ്കിൽ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കാൻ കഴിയില്ല.' ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.