ചരിത്രം തിരുത്തി അഫ്ഗാനിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ പട. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 33.3 ഓവറില്‍ 106 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ വിജയത്തിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയെ ഒരു ഏകദിന മത്സരത്തില്‍ പരാജയപ്പെടുത്തുന്നത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 52 റണ്‍സ് നേടിയ വിയാന്‍ മുള്‍ഡര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഏഴാമനായി ക്രീസിലെത്തിയ താരത്തിന്റെ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്.
ഡോണി ഡി സോര്‍സി (11), കൈല്‍ വെറെയ്‌നെ (10), ജോണ്‍ ഫോര്‍ടുന്‍ (16) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. അഫ്ഗാന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്ലാ ഗാസാന്‍ഫാര്‍ മൂന്നും റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (0) നഷ്ടമായെങ്കിലും 26-ാം ഓവറില്‍ തന്നെ അഫ്ഗാന്‍ വിജയത്തിലെത്തി. 34 റണ്‍സുമായി പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നൈബും 25 റണ്‍സുമായി പുറത്താകാതെ നിന്ന അസ്മത്തുള്ള ഒമര്‍സായിയുമാണ് അഫ്ഗാനെ വിജയത്തിലെത്തിയത്. റിയാസ് ഹസന്‍ (16), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (16), റഹ്‌മത്ത് ഷാ (8) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.