'ഇന്ത്യയുടെ ബാബര്‍ അസം'; ഡക്കായതിന് പിന്നാലെ ഗില്ലിനെ ട്രോളി സോഷ്യല്‍ മീഡിയ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്

dot image

ബംഗ്ലാദേശിനതിരായ ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ശുഭ്മന്‍ ഗില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിനുപിന്നാലെ വണ്‍ഡൗണായി ക്രീസിലെത്തിയ ഗില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. എട്ട് പന്തുകള്‍ നേരിട്ട താരത്തെ ബംഗ്ലാ പേസര്‍ ഹസന്‍ മഹ്‌മൂദ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഡക്കായി മടങ്ങിയതിന് പിന്നാലെ ഗില്ലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസമെന്ന് പറഞ്ഞ് ഗില്ലിനെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. പാകിസ്താന്‍റെ ഏകദിന ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ ബാബർ അസം സമീപകാലത്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുപോലെ തന്നെ ഇന്ത്യയുടെ ബാബര്‍ അസമാണെന്ന് ഗില്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ഏകദിനത്തിലൊഴികെ ഗില്ലിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍ പോസ്റ്റ് ചെയ്യുന്നു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 9.2 ഓവറില്‍ 34 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്ലി (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്. ബംഗ്ലാദേശിന്റെ യുവ പേസര്‍ ഹസന്‍ മഹ്‌മൂദാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിഞ്ഞത്.

ടീം സ്‌കോര്‍ 14ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഹസന്‍ മഹ്‌മൂദ് എറിഞ്ഞ ആറാം ഓവറില്‍ രോഹിത്തിനെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 19 പന്തില്‍ ആറ് റണ്‍സ് എടുത്തായിരുന്നു ക്യാപ്റ്റന്റെ മടക്കം പിന്നാലെ എത്തിയ ശുഭ്മന്‍ ഗില്‍ പൂജ്യത്തിന് മടങ്ങിയതോടെ 7.3 ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലായി ഇന്ത്യ.

ഗില്ലിന് പിന്നാലെയെത്തിയ കോഹ്‌ലിയും നിരാശപ്പെടുത്തി. പത്താം ഓവറില്‍ കോഹ്‌ലിയെയും ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ച മഹ്‌മൂദ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആറ് പന്തില്‍ ആറ് റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. പകരമെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 62 പന്തില്‍ 37 റണ്‍സെടുത്ത് ജയ്‌സ്‌വാളും 44 പന്തില്‍ 33 റണ്‍സുമായി പന്തുമായിരുന്നു ക്രീസിൽ. എന്നാൽ ലഞ്ചിന് പിന്നാലെ പന്തിൻ്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. വ്യക്തിഗത സ്കോറിനോട് ആറ് റൺസ് മാത്രം കൂട്ടിച്ചേർത്താണ് പന്ത് പുറത്തായത്. നാലാം വിക്കറ്റ് നഷ്ടമാകുമ്പോൾ ഇന്ത്യയുടെ സ്കോർ മൂന്നക്കം തികഞ്ഞിരുന്നില്ല. സ്കോർബോർഡിൽ 96 റൺസ് ഉള്ളപ്പോഴായിരുന്നു ഹസന്‍ മഹ്‌മൂദിന് നാലാമത്തെ വിക്കറ്റ് സമ്മാനിച്ച് പന്ത് മടങ്ങിയത്.

dot image
To advertise here,contact us
dot image