വരാനിരിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്‌ലിയുടെയും ജസ്പ്രീത് ബുംറയുടെയും പ്രകടനമായിരിക്കും ഇന്ത്യയുടെ വിജയത്തിലേക്കുള്ള താക്കോല്‍ ആവുകയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് നടക്കുക. നിര്‍ണായക പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും പ്രകടനത്തെ കുറിച്ച് വിശകലം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ട് മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന നല്ല പരമ്പരയായിരിക്കും ഇത്. ഇന്ത്യയ്ക്ക് ശക്തമായ ബൗളിങ് ആക്രമണനിര ഉള്ളതുകാരണം ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ബുംറ, സിറാജ്, ഷമി എന്നിവരടങ്ങിയ പേസ് നിരയും ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ ഉള്‍പ്പെട്ട സ്പിന്‍ നിരയും വളരെ മികച്ചതാണ്. എന്നാലും ജസ്പ്രീത് ബുംറയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനമായിരിക്കും ഇന്ത്യയ്ക്ക് നിര്‍ണായകമാവുക', ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് വോ പറഞ്ഞു.
'ബുംറ മികച്ച ബൗളറാണ്. അദ്ദേഹം കൂടുതല്‍ വിക്കറ്റുകള്‍ നേടുന്തോറും ഇന്ത്യ പരമ്പര വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. എവേ മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇന്ത്യന്‍ ബാറ്റിങ് അദ്ദേഹത്തെ ആശ്രയിച്ചാണുള്ളത്. അതുകൊണ്ട് തന്നെ ബാറ്റിങ്ങിന്റെ നിയന്ത്രണം കോഹ്‌ലി തന്നെ ഏറ്റെടുക്കണം', മുന്‍ ഓസീസ് താരം വ്യക്തമാക്കി.
'എന്നാലും ഓസ്‌ട്രേലിയയും ശക്തമായ ബൗളിങ് ആക്രമണനിരയുള്ള ടീം തന്നെയാണ്. അതുകൊണ്ടുതന്നെ രണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശകരമായ പരമ്പര തന്നെ പ്രതീക്ഷിക്കാം', സ്റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.