പാകിസ്താൻ ക്രിക്കറ്റിന്റെയും ബാബർ അസമിന്റെയും ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ബാബർ അസം സെഞ്ച്വറി നേടി. പാകിസ്താൻ ചാംപ്യൻസ് കപ്പിൽ ഡോൾഫിൻസ് ടീമിനെതിരെയാണ് ബാബറിന്റെ നേട്ടം. സ്റ്റാലിയൻസ് ടീമിന്റെ ബാറ്ററായ ബാബർ 100 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 104 റൺസുമായി പുറത്താകാതെ നിന്നു. ബാബറിന്റെ സെഞ്ച്വറി മികവിൽ ആദ്യം ബാറ്റ് ചെയ്ത സ്റ്റാലിയൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു.
ഏറെക്കാലമായി സെഞ്ച്വറി നേട്ടമില്ലാതിരുന്ന ബാബറിന്റെ ബാറ്റിങ് പ്രകടനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നിരുന്നത്. 2023 മാർച്ച് എട്ടിന് പാകിസ്താൻ സൂപ്പർ ലീഗിലാണ് ബാബർ അവസാനമായി സെഞ്ച്വറി തികച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 2023 ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പിലാണ് ബാബർ അവസാനമായി സെഞ്ച്വറി തികച്ചത്. നേപ്പാളിനെതിരെ ഏകദിന ക്രിക്കറ്റിലായിരുന്നു ഈ സെഞ്ച്വറി.
ട്വന്റി 20 ക്രിക്കറ്റിൽ 2023 എപ്രിൽ 15ന് ന്യൂസിലാൻഡിനെതിരെയാണ് ബാബർ അവസാനമായി സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ബാബറിന്റെ അവസാന സെഞ്ച്വറി 2022 ഡിസംബർ 26ന് ന്യൂസിലാൻഡിനെതിരെ കാറാച്ചിയിലാണ് പിറന്നത്. പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇനി രാജ്യാന്തര വേദികളിലും ബാബർ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.