അര്‍ധ സെഞ്ച്വറിയുമായി ജയ്‌സ്‌വാള്‍; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

ലഞ്ചിന് ശേഷം റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്

dot image

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം. ആദ്യ ദിനം ചായയ്ക്കായി പിരിയുമ്പോള്‍ ഇന്ത്യ 176 റണ്‍സ് എടുത്തുനില്‍ക്കുകയാണ്. ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം യശസ്വി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്.

ഓപ്പണറായി ഇറങ്ങിയ ജയ്‌സ്‌വാള്‍ 118 പന്തില്‍ ഒന്‍പത് ബൗണ്ടറിയടക്കം 56 റണ്‍സ് നേടിയാണ് പുറത്തായത്. ലഞ്ചിന് ശേഷം റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 52 പന്തില്‍ 39 റണ്‍സ് നേടിയ പന്തിനെ ഹസന്‍ മഹ്‌മൂദാണ് പുറത്താക്കിയത്. മഹ്‌മൂദിന്റെ നാലാം വിക്കറ്റാണിത്.

പിന്നാലെയായിരുന്നു ജയ്‌സ്‌വാളിന്റെ മടക്കം. താരത്തെ നഹിദ് റാണ ഷദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഈ സെഷനില്‍ ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. 16 റണ്‍സ് നേടിയ രാഹുലിനെ ഹസന്‍ മിറാസ് സാക്കിര്‍ ഹസന്റെ കൈകളിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 9.2 ഓവറില്‍ 34 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്‌ലി (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്. ബംഗ്ലാദേശിന്റെ യുവ പേസര്‍ ഹസന്‍ മഹ്‌മൂദാണ് ഈ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിഞ്ഞത്.

ടീം സ്‌കോര്‍ 14ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഹസന്‍ മഹ്‌മൂദ് എറിഞ്ഞ ആറാം ഓവറില്‍ രോഹിത്തിനെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 19 പന്തില്‍ ആറ് റണ്‍സ് എടുത്തായിരുന്നു ക്യാപ്റ്റന്റെ മടക്കം പിന്നാലെ എത്തിയ ശുഭ്മന്‍ ഗില്‍ എട്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ചാണ് മഹ്‌മൂദ് ഗില്ലിനെ മടക്കിയത്. ഇതോടെ 7.3 ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലായി ഇന്ത്യ.

ഗില്ലിന് പിന്നാലെയെത്തിയ കോഹ്‌ലിയും നിരാശപ്പെടുത്തി. പത്താം ഓവറില്‍ കോഹ്‌ലിയെയും ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ച മഹ്‌മൂദ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആറ് പന്തില്‍ ആറ് റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. പകരമെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് രക്ഷയായത്.

dot image
To advertise here,contact us
dot image